കൊച്ചി: വാഹനം ഓടിച്ചിരുന്നയാൾ മയക്കുമരുന്ന് കൈവശം വച്ചിരുന്നതുകൊണ്ട് മാത്രം വാഹനം മയക്കുമരുന്ന് കടത്തിന് ഉപയോഗിച്ചുവെന്ന് പറയാനാകില്ലെന്ന് ഹൈക്കോടതി. തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പിടിച്ചെടുത്ത കാർ ഉടമയ്ക്ക് കൈമാറാൻ നിർദ്ദേശിച്ച ഉത്തരവിലാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ ഇക്കാര്യം വ്യക്തമാക്കിയത്. കാറിന്റെ ഉടമ കുന്നംകുളം സ്വദേശി സി.സി.വിൽസൺ ആണ് കാറിന്റെ ഇടക്കാല കസ്റ്റഡി ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
മറ്റൊരാൾ വിൽസന്റെ കാർ ഓടിക്കവെയാണ് 0.06 ഗ്രാം എൽ.എസ്.ഡി. സ്റ്റാംപ് കണ്ടെത്തിയത്. തുടർന്ന് വാഹനം കസ്റ്റഡിയിലെടുത്തു. മയക്കുമരുന്ന് കടത്താൻ വാഹനം ഉപയോഗിച്ചിട്ടില്ലെന്നും കണ്ടുകെട്ടേണ്ട ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വിൽസൺ ആദ്യം പ്രത്യേക കോടതിയെ സമീപിച്ചത്. അപേക്ഷ നിരസിച്ചതിനെ തുടർന്നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.
കാർ ഓടിച്ചിരുന്നയാളുടെ ശാരീരിക പരിശോധനയിൽ മയക്കുമരുന്ന് കണ്ടെത്തിയാലും വാഹനം മയക്കുമരുന്ന് കടത്തിന് ഉപയോഗിച്ചുവെന്ന് പറയാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു.