Spread the love

ആലപ്പുഴ : കൃത്രിമക്കാലുമായി ആലപ്പുഴ റവന്യൂ ജില്ലാ കലോത്സവത്തിൽ ദേവിക നിറഞ്ഞാടിയപ്പോൾ പരിമിതികൾ തലകുനിച്ചു.യു.പി വിഭാഗം മോഹിനിയാട്ട മത്സരത്തിൽ എ ഗ്രേഡ് നേടിയാണ് കായംകുളം ജി.എച്ച്.എച്ച്.എസ് ലെ ഏഴാം ക്ലാസുകാരിയായ മിടുക്കി മടങ്ങിയത്.

ഒന്നരവയസ്സുള്ളപ്പോൾ ഒരു വാഹനാപകടത്തിൽപ്പെട്ടാണ് ദേവിക യുടെ വലതുകാൽ നഷ്ടമായത്. എതിരെ വന്ന ലോറി സ്കൂട്ടറിലിടിച്ചായിരുന്നു അപകടം. അപകടത്തിൽ അമ്മയെയും നഷ്ടപ്പെട്ട ദേവികക്ക് തണലായത് അമ്മൂമ്മയുടെ കരങ്ങളായിരുന്നു. മത്സരത്തിന് മുൻപ് ഇരുകാലിലും ചിലങ്ക അണിയിച്ച് അനുഗ്രഹിച്ച് വേദിയിലേക്കയച്ചതും അമ്മൂമ്മയായിരുന്നു.

നൃത്തത്തെ അങ്ങേയറ്റം സ്നേഹിച്ചിരുന്ന ദേവിക തന്റെ പരിമിതികളിൽ തളർന്നിരിക്കാൻ തയ്യാറല്ലായിരുന്നു. യു.കെ.ജി മുതൽ നൃത്തം അഭ്യസിച്ചു തുടങ്ങി. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ഡോക്ടർ ഭാസ്കറുടെ നിർദേശപ്രകാരമാണ് നൃത്തം തുടർന്നത്. കരുനാഗപ്പള്ളി മഹാദേവ സ്കൂൾ ഓഫ് ഡാൻസിലെ അനന്തൻ തമ്പിയാണ് ദേവികയുടെ ഗുരു. പൊയ്കാലിൽ വേദന മറന്നുള്ള പരിശീലനം കടന്നുള്ള ദേവികയുടെ പ്രകടനം ഏവരുടെയും ഹൃദയം നിറച്ചു.

By newsten