Spread the love

ജക്കാർത്ത: ഇന്തോനേഷ്യൻ സർക്കാർ വിവാഹപൂർവ ലൈംഗികബന്ധം നിരോധിച്ച് നിയമം പാസാക്കാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഭർത്താവോ ഭാര്യയോ അല്ലാത്ത വ്യക്തിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് നിരോധിക്കുമെന്നും നിയമം ലംഘിക്കുന്നവർക്ക് വ്യഭിചാരക്കുറ്റത്തിന് ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ബിൽ വരും ദിവസങ്ങളിൽ പാർലമെന്‍റിൽ അവതരിപ്പിക്കും. വ്യഭിചാരക്കുറ്റം ആരോപിക്കപ്പെടുന്ന വ്യക്തിയുടെ ഭർത്താവിൽ നിന്നോ ഭാര്യയിൽ നിന്നോ മാതാപിതാക്കളിൽ നിന്നോ പരാതിയുണ്ടെങ്കിൽ കേസെടുക്കും. കോടതിയിൽ വിചാരണ ആരംഭിക്കുന്നതിന് മുമ്പ് പരാതികൾ പിൻവലിക്കാമെന്നും പറയപ്പെടുന്നു.

മൂന്ന് വർഷം മുമ്പും ഈ നിയമം പാസാക്കാൻ നീക്കം നടന്നിരുന്നെങ്കിലും രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ഇത് പിൻവലിക്കുകയായിരുന്നു. പതിനായിരക്കണക്കിന് ആളുകളാണ് ബില്ലിനെതിരെ അന്ന് തെരുവിലിറങ്ങിയത്. ഇന്തോനേഷ്യൻ മൂല്യങ്ങൾക്ക് അനുസൃതമായാണ് നിയമം നിർമ്മിച്ചതെന്നും അതിൽ അഭിമാനിക്കുന്നുവെന്നും ഇന്തോനേഷ്യയുടെ ഡെപ്യൂട്ടി ജസ്റ്റിസ് മന്ത്രി എഡ്വേർഡ് ഒമർ ഷെരീഫ് ഹിയാരിയ പറഞ്ഞതായും റിപ്പോർട്ട് ഉണ്ട്.

By newsten