തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട സംഘർഷത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടെന്ന് കരുതുന്നില്ലെന്ന് മന്ത്രി ആന്റണി രാജു. അത്തരം വിവരങ്ങളൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സംഘർഷത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടെന്ന് മറ്റ് മന്ത്രിമാർ ആരോപണം ഉന്നയിക്കുമ്പോഴാണ് ആന്റണി രാജു വ്യത്യസ്തമായ നിലപാടുമായി രംഗത്തെത്തിയത്. സംഘർഷത്തിൽ ബാഹ്യമായ പങ്കുണ്ടോയെന്ന് അന്വേഷിക്കാൻ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു.
മന്ത്രി വി അബ്ദുറഹ്മാനെതിരായ പരാമർശം വിഴിഞ്ഞം സമരസമിതി കൺവീനർ ഫാ. തിയോഡേഷ്യസ് ഡിക്രൂസ് പിൻവലിച്ചതിനെ അദ്ദേഹം സ്വാഗതം ചെയ്തു. മന്ത്രി വി അബ്ദുറഹ്മാന്റെ പ്രസ്താവന കേട്ടിരുന്നു. അദ്ദേഹത്തിന്റെ പ്രസ്താവനയിൽ ഒരിടത്തും ഇതിന് പിന്നിൽ തീവ്രവാദ ബന്ധമുള്ളവരാണെന്ന് പറഞ്ഞിട്ടില്ലെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അദ്ദേഹത്തിന്റെ ചില വാക്കുകളെ തെറ്റായി വ്യാഖ്യാനിക്കാനും അവ അങ്ങനെയാക്കാനും ചില കോണുകളിൽ നിന്ന് ബോധപൂർവമായ ചില ശ്രമങ്ങൾ നടന്നിട്ടുണ്ട്.
മന്ത്രിയെ തീവ്രവാദിയായി വ്യാഖ്യാനിക്കുന്നത് ഒട്ടും ശരിയല്ലെന്നും ആന്റണി രാജു പറഞ്ഞു. പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി ഇടപെട്ടില്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും മന്ത്രി ആരോപിച്ചു.