തിരുവനന്തപുരം: കോവളത്ത് ആയുർവേദ ചികിത്സയ്ക്കായി എത്തിയ വിദേശ വനിതയെ കൊലപ്പെടുത്തിയ കേസിൽ 2 പ്രതികളും കുറ്റക്കാർ. തിരുവനന്തപുരം ഒന്നാം അഡീഷനൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. ശിക്ഷ തിങ്കളാഴ്ച വിധിക്കും. തിരുവല്ലം സ്വദേശികളായ ഉമേഷ്, ഉദയകുമാർ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. ബലാത്സംഗം, കൊലപാതകം ഉൾപ്പെടെയുള്ള കുറ്റങ്ങൾ തെളിഞ്ഞെന്നും കോടതി പറഞ്ഞു.
2018 മാർച്ച് 14നാണ് പോത്തൻകോട് ആയുർവേദ ചികിത്സാ കേന്ദ്രത്തിൽ നിന്ന് കോവളം ബീച്ചിലെത്തിയ 40 കാരിയായ ലാത്വിയൻ വനിതയെ ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേന ഒറ്റപ്പെട്ട കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി ലഹരി നൽകി ബലാത്സംഗം ചെയ്ത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. സഹോദരിയോടൊപ്പം ചികിത്സയ്ക്കെത്തിയ യുവതിയുടെ മൃതദേഹം 36 ദിവസത്തിന് ശേഷമാണ് പൊന്തക്കാട്ടിൽ നിന്ന് കണ്ടെത്തിയത്. ഡിഎൻഎ പരിശോധനയിൽ മൃതദേഹം വിദേശ വനിതയുടേതാണെന്ന് സ്ഥിരീകരിച്ചു.
കേസിൽ നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്ന് മരിച്ച വിദേശ വനിതയുടെ സഹോദരി പറഞ്ഞു. നീതിക്കായുള്ള പോരാട്ടം നീണ്ടതും ബുദ്ധിമുട്ടുള്ളതുമാണെന്നും നല്ല മനസ്സുള്ള ധാരാളം ആളുകൾ തനിക്കൊപ്പം നിന്നെന്നും സഹോദരി കൂട്ടിച്ചേർത്തു.