കണ്ണൂർ: മോദി അയച്ച ഒരു ഗവർണർ കേരളത്തിലുണ്ടെന്ന കാര്യം സിപിഎം മറക്കരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കെ.ടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒൻപത് വൈസ് ചാൻസലർമാരും പുറത്തുപോകുമെന്ന കാര്യത്തിൽ സംശയമില്ലെന്നും നിയമവിരുദ്ധമായി പ്രവർത്തിച്ചാൽ കേരള സർക്കാരിനെ താഴെയിറക്കാൻ മോദി സർക്കാരിന് അഞ്ച് മിനിറ്റ് പോലും ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
“ബിജെപിയെ ആക്രമിച്ച് പരാജയപ്പെടുത്താൻ ശ്രമിച്ചവർ കേരളത്തിലുണ്ട്. കേരളത്തിൽ സിപിഎം സ്വന്തക്കാരെ തിരുകിക്കയറ്റുന്നു. സിപിഎമ്മിന്റെ അവസാനത്തിന്റെ ആരംഭമാണ്. പിണറായി വിജയന്റെയും സിപിഎമ്മിന്റെയും രാഷ്ട്രീയ പതനത്തിന്റെ തുടക്കം സർവകലാശാലകളിലൂടെ തുടങ്ങിയിരിക്കുകയാണ്. ആരിഫ് മുഹമ്മദ് ഖാനെ മൻമോഹൻ സിംഗല്ല അയച്ചത്, നരേന്ദ്ര മോദിയാണ് അദ്ദേഹത്തെ അയച്ചതെന്ന് കേരളത്തിലെ പിണറായി സർക്കാർ മറന്നുപോകരുത്. കേരളത്തിലെ നിയമവാഴ്ച അംഗീകരിക്കില്ലെന്നാണ് സർക്കാർ പറയുന്നത്.” കെ സുരേന്ദ്രൻ പറഞ്ഞു.
നിയമം അനുസരിച്ചാണ് നരേന്ദ്ര മോദിയുടെ കീഴിൽ എല്ലാം നടക്കുന്നത്. നിയമം അനുസരിച്ച് മുന്നോട്ട് പോകുന്നില്ലെങ്കിൽ, നരേന്ദ്ര മോദിക്ക് നിങ്ങളുടെ സർക്കാരിനെ താഴെയിറക്കാൻ അഞ്ച് മിനിറ്റ് പോലും ആവശ്യമില്ല. അക്രമം, നിയമവാഴ്ചയുടെ ലംഘനം, ഭരണഘടനയുടെ ലംഘനം എന്നിവ ജനങ്ങൾ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.