തിരുവനന്തപുരം: കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ പ്രതികളായ കേസുകളിൽ ഉചിതമായ ഇടപെടൽ ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്ക് അയച്ച കത്ത് പുറത്തുവന്നു. കൊടകര കുഴൽപ്പണക്കേസിലടക്കം ബി.ജെ.പി നേതാക്കളെ സർക്കാർ വേട്ടയാടുന്നുവെന്ന് ആരോപിച്ച് പാർട്ടി നേതാക്കൾ നൽകിയ പരാതിയാണ് ഗവർണർ മുഖ്യമന്ത്രിക്ക് കൈമാറിയത്. 2021 ജൂൺ 10നാണ് കത്ത് കൈമാറിയത്. സർക്കാരും ഗവർണറും തമ്മിലുള്ള തർക്കത്തിനിടയിലാണ് കത്ത് പുറത്തുവരുന്നത്. എന്നാൽ ലഭിച്ച പരാതികൾ സർക്കാരിനു കൈമാറുന്നതിനുള്ള സാധാരണ പ്രക്രിയ മാത്രമാണിതെന്നും കേസുകൾ പിൻവലിക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും രാജ്ഭവൻ വ്യക്തമാക്കി.
രാജ്ഭവനിൽ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. മുഖ്യമന്ത്രിക്ക് കഴിഞ്ഞ വര്‍ഷം ഗവര്‍ണര്‍ അയച്ച കത്താണ് പുറത്ത് വന്നത്. രാജ്ഭവനിലെ 20 ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാണ് കത്തിലെ ആവശ്യം. അനുവദിച്ചതിൽ കൂടുതൽ ആരെയും നിയമിച്ചിട്ടില്ലെന്നായിരുന്നു രാജ്ഭവന്‍റെ വിശദീകരണം. രാജ്ഭവന് അനുവദിച്ച തസ്തികയിലേക്കാണ് നിയമന ശുപാർശ ചെയ്തത്.