ബീജിങ്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചൈനീസ് സർക്കാർ നടപ്പാക്കിയ സീറോ കോവിഡ് നയത്തിൽ ഇളവ് വരുത്തുന്നു. ലോക്ക്ഡൗൺ കർശനമാക്കിയതിൽ പ്രതിഷേധിച്ച് ജനം തെരുവിലിറങ്ങിയതോടെയാണ് ചൈനീസ് കമ്യൂണിസ്റ്റ് സർക്കാർ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയത്. ചൈനയുടെ സീറോ-കോവിഡ് നയത്തിനെതിരെ വലിയ ജനരോഷമാണ് ഉയർന്നിരുന്നത്. കർശനമായ ലോക്ക്ഡൗണുകൾ, നിരന്തരമായ പരിശോധനകൾ, രോഗബാധിതരല്ലാത്തവർക്ക് പോലും ക്വാറന്റൈനുകൾ തുടങ്ങിയവയ്ക്ക് എതിരേയായിരുന്നു ജനരോക്ഷം.
ബീജിങ്, ഷാങ്ഹായ്, ഗ്വാങ്ഷോ തുടങ്ങിയ പ്രധാന നഗരങ്ങളിൽ ജനങ്ങൾ തെരുവിലിറങ്ങി. ചൈനയിലെ ഒമിക്രോൺ വേരിയന്റ് ദുർബലമായിക്കൊണ്ടിരിക്കുകയാണെന്നും വാക്സിനേഷൻ നിരക്ക് മെച്ചപ്പെടുന്നുണ്ടെന്നുമാണ് റിപ്പോർട്ട്. കർശനമായ സീറോ കോവിഡ് നയം സമ്പദ്വ്യവസ്ഥയെയും ദൈനംദിന ജീവിതത്തെയും തടസ്സപ്പെടുത്തുന്നുവെന്നും വിലയിരുത്തലുണ്ട്. ലോകത്ത് മറ്റൊരിടത്തും ഇപ്പോൾ കർശനമായ കൊവിഡ് നിയന്ത്രണങ്ങൾ ഇല്ല.
ചൊവ്വാഴ്ച രാത്രി ഗ്വാങ്ഷൂവിൽ പോലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷമുണ്ടായി. തുടർന്ന് മിക്ക നഗരങ്ങളിലും പ്രതിഷേധം നിയന്ത്രണങ്ങൾ ലഘൂകരിച്ചു. അതേസമയം, കൊവിഡ് പടരുന്ന പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ തുടരും. ക്വാറന്റൈൻ കേന്ദ്രങ്ങൾക്ക് പകരം ഹോം ക്വാറന്റൈൻ അനുവദിക്കാനും തീരുമാനമായി.