വാഷിങ്ടൺ: സ്വവർഗവിവാഹവും വ്യത്യസ്ത വംശങ്ങളിൽപ്പെട്ടവർ തമ്മിലുള്ള വിവാഹവും സംരക്ഷിക്കുന്ന കരട് നിയമം യുഎസ് പാർലമെന്റിന്റെ ഉപരിസഭയായ സെനറ്റ് അംഗീകരിച്ചു. 100 അംഗ സഭയിൽ 61 പേർ അനുകൂലിച്ചും 36 പേർ എതിർത്തും വോട്ട് ചെയ്തു. ഭരണകക്ഷിയായ ഡെമോക്രാറ്റിക് പാർട്ടിക്ക് പുറമെ പ്രതിപക്ഷമായ റിപ്പബ്ലിക്കൻ പാർട്ടിയിലെ 12 അംഗങ്ങളും ബില്ലിനെ പിന്തുണച്ചു.
റെസ്പെക്ട് ഫോർ മാര്യേജ് ആക്ട് (വിവാഹ ബഹുമാന നിയമം) എന്നാണ് പുതിയ നിയമം അറിയപ്പെടുക. അന്തിമ തീരുമാനമെടുക്കാൻ ജനപ്രതിനിധി സഭയ്ക്ക് ബിൽ തിരികെ അയയ്ക്കും. തുടർന്ന് പ്രസിഡന്റ് ഒപ്പിടുമ്പോൾ നിയമം പ്രാബല്യത്തിൽ വരും. പുതിയ കോൺഗ്രസ് ജനുവരി ആദ്യം അധികാരത്തിലെത്തും. ഇതോടെ ജനപ്രതിനിധി സഭയിലെ ഭൂരിപക്ഷം ഡെമോക്രാറ്റിക് പാർട്ടിക്ക് നഷ്ടമാകും. അതിനുമുമ്പ് നടപടികൾ പൂർത്തിയാക്കാനാണ് അവർ ശ്രമിക്കുന്നത്. നേരത്തെ ജനപ്രതിനിധി സഭയിൽ ബിൽ അവതരിപ്പിച്ചപ്പോൾ 47 റിപ്പബ്ലിക്കൻമാർ അപ്രതീക്ഷിതമായി അതിനെ പിന്തുണച്ചിരുന്നു.
എല്ലാ സംസ്ഥാനങ്ങളും സ്വവർഗ വിവാഹം നിയമവിധേയമാക്കണമെന്ന് റെസ്പെക്ട് ഫോർ മാര്യേജ് ആക്ടിൽ വ്യവസ്ഥയില്ല. എന്നിരുന്നാലും, അംഗീകൃത സംസ്ഥാനങ്ങളിൽ വിവാഹം കഴിക്കുന്നവർക്ക് മറ്റ് സംസ്ഥാനങ്ങളിലും നിയമ പരിരക്ഷ നൽകണം.