ന്യൂഡല്‍ഹി: വനിതാ ജഡ്ജിമാർ മാത്രം അടങ്ങുന്ന ബെഞ്ച് വ്യാഴാഴ്ച സുപ്രീം കോടതിയിൽ വാദം കേട്ടു. ജസ്റ്റിസുമാരായ ഹിമ കോഹ്ലി, ബേല എം. ത്രിവേദി എന്നിവര്‍ അടങ്ങുന്ന വനിതാ ബെഞ്ചാണ് കേസുകള്‍ പരിഗണിച്ചത്. ചരിത്രത്തിൽ ഇത് മൂന്നാം തവണയാണ് സുപ്രീം കോടതിയിൽ ഒരു സമ്പൂർണ വനിതാ ബെഞ്ച് കേസുകൾ പരിഗണിക്കുന്നത്.
10 ട്രാൻസ്ഫർ ഹർജികളും 10 ജാമ്യ ഹർജികളും ഉൾപ്പെടെ 32 ഹർജികളാണ് ജസ്റ്റിസുമാരായ ഹിമ കോഹ്ലി, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് കേട്ടത്. ഇതിൽ ഒമ്പത് സിവിൽ കേസുകളും മൂന്ന് ക്രിമിനൽ കേസുകളും ഉൾപ്പെടുന്നു.
2013ലാണ് സുപ്രീം കോടതിയിൽ ആദ്യമായി സമ്പൂർണ വനിതാ ബെഞ്ച് കേസുകൾ കേട്ടത്. ജസ്റ്റിസുമാരായ ഗ്യാന്‍സുധ മിശ്ര, രഞ്ജന പ്രകാശ് ദേശായി എന്നിവരടങ്ങിയ ബെഞ്ചാണ് കേസുകൾ പരിഗണിച്ചത്. ജസ്റ്റിസ് അഫ്താബ് ആലം അവധിയിലായിരുന്നതിനാലാണ് വനിതാ ബെഞ്ച് കേസുകൾ പരിഗണിച്ചത്.