ആലപ്പുഴ: കണിച്ചുകുളങ്ങരയിൽ എസ്എൻഡിപി യൂണിയൻ സെക്രട്ടറിയായിരുന്ന കെ കെ മഹേശന്‍റെ മരണത്തിൽ വെള്ളാപ്പള്ളി നടേശനെതിരെ മാരാരിക്കുളം പൊലീസ് കേസെടുത്തു. മാനേജർ കെ എൽ അശോകൻ, തുഷാർ വെള്ളാപ്പള്ളി എന്നിവരാണ് കേസിലെ രണ്ടും മൂന്നും പ്രതികൾ. ഗൂഢാലോചന, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദേശ പ്രകാരമാണ് കേസെടുത്തത്. മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കെ കെ മഹേശനെ പ്രതിയാക്കിയതിന് പിന്നിൽ വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി, കെ എൽ അശോകൻ എന്നിവർ ഗൂഢാലോചന നടത്തിയെന്നാണ് എഫ്ഐആറിൽ പറയുന്നത്.
കെ.കെ. മഹേശന്‍റെ കുടുംബം നൽകിയ ഹർജിയിലാണ് നടപടി. കെ.കെ. മഹേശന്‍റെ ആത്മഹത്യ കൊലപാതകത്തിന് സമാനമാണെന്നാണ് കുടുംബം ആരോപിക്കുന്നത്. എന്നാൽ എസ്എൻഡിപിയുടെ ശത്രുക്കളായ സുഭാഷ് വാസു ഉൾപ്പെടെയുള്ളവരാണ് മഹേശനെ മരണത്തിലേക്ക് തള്ളിവിട്ടതെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കേസിൽ സിബിഐ അന്വേഷണം വേണമെന്ന് വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. 2020 ജൂൺ 23നാണ് കെ കെ മഹേശനെ കണിച്ചുകുളങ്ങര എസ്എൻഡിപി ഓഫീസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.