തിരുവനന്തപുരം: ഡിഐജി ആർ നിശാന്തിനി ഇന്ന് വിഴിഞ്ഞം സന്ദർശിക്കും. വിഴിഞ്ഞത്ത് സ്പെഷ്യൽ ഓഫീസറായി നിശാന്തിനിയെ ഉൾപ്പെടുത്തി കഴിഞ്ഞ ദിവസം പ്രത്യേക പൊലീസ് സംഘം രൂപീകരിച്ചിരുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് മദ്യനിരോധനവും പൊലീസിനുള്ള ജാഗ്രതയും തുടരുകയാണ്.
പൊലീസ് സ്റ്റേഷൻ പോലും ആക്രമിക്കപ്പെട്ട അതീവഗുരുതരമായ സാഹചര്യം കണക്കിലെടുത്താണ് പ്രത്യേക സുരക്ഷ. പൊലീസ് സ്റ്റേഷൻ തകർത്തതിന് മൂവായിരം പേർക്കെതിരെ കേസെടുത്തെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇപ്പോൾ നിലനിൽക്കുന്ന ക്രമസമാധാന നിലയ്ക്ക് ഭംഗം വരുത്തേണ്ടെന്ന തീരുമാനത്തിലാണ് അറസ്റ്റ് വൈകുന്നത്. സ്റ്റേഷൻ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സമരസമിതിയിലെ എട്ട് പേരെ ഇന്നലെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തിരുന്നു. അതിനിടെ, വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.ശശികലയുടെ നേതൃത്വത്തിൽ ഹിന്ദു ഐക്യവേദി ഇന്ന് മാർച്ച് നടത്തും. വൈകീട്ട് നാല് മണിക്ക് മുക്കോല ജംങ്ഷനിൽ നിന്ന് മാർച്ച് തുടങ്ങും.
അതേസമയം പ്രതിഷേധങ്ങൾ ദേശവിരുദ്ധമല്ലെന്ന് വിഴിഞ്ഞം സമരസമിതി കൺവീനർ ജോയ് ജറാൾഡ് പറഞ്ഞു. രാജ്യദ്രോഹക്കുറ്റം ചെയുന്നത് നേതാക്കളാണെന്നും പദ്ധതി പാസാക്കുന്നവർ രാജ്യദ്രോഹികളാണെന്നും അദ്ദേഹം പറഞ്ഞു. ഏഴ് ആവശ്യങ്ങളാണ് തങ്ങൾ ഉന്നയിക്കുന്നത്. ആദ്യ ഘട്ടത്തിൽ പദ്ധതി വേണ്ടെന്ന് അദ്ദേഹം പറഞ്ഞില്ല. കേരളം സിംഗപ്പൂരായി മാറും, ഭാവിതലമുറയ്ക്ക് വേണ്ടി സമ്മതിക്കണം എന്ന് ഞങ്ങളുടെ സഭാ നേതാവ് ആവശ്യപ്പെട്ടതിനാലാണ് അന്ന് സമ്മതിച്ചതെന്നും അദ്ദേഹം പറഞ്ഞു.