തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വ്യാപാരികളുടെ മുഴുവൻ കമ്മീഷൻ തുകയും അനുവദിച്ച് കൊണ്ടുള്ള സർക്കാർ ഉത്തരവ് ഇറങ്ങി. ഒക്ടോബർ മാസത്തെ കമ്മീഷൻ തുകയിൽ 49 ശതമാനം മാത്രം അനുവദിച്ച് നേരത്തെ ഇറങ്ങിയ ഉത്തരവ് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തുടർന്ന് സമരം പ്രഖ്യാപിച്ച റേഷൻ വ്യാപാരികൾ പിന്നീട് അത് പിൻവലിക്കുകയായിരുന്നു.
റേഷൻ വ്യാപാരികൾക്കുള്ള കമ്മീഷൻ ഡിസംബർ 23നകം കൊടുത്ത് തീർക്കണമെന്ന് ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ വർഷത്തെ ഓണക്കിറ്റ് വിതരണത്തിലേതടക്കമുള്ള കമ്മീഷൻ വ്യാപാരികൾക്ക് നൽകണം എന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. കുടിശ്ശിക തീർക്കാൻ വൈകുന്ന പക്ഷം ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകേണ്ടി വരുമെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
ഭക്ഷ്യ സിവിൽ സപ്ലൈസ് സെക്രട്ടറിക്കും സിവിൽ സപ്ലൈസ് കമ്മീഷണർക്കുമാണ് ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിർദേശം നൽകിയത്. റേഷൻ ഡീലർമാർ നൽകിയ കോടതിയലക്ഷ്യ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
കുടിശ്ശിക കമ്മീഷൻ വിതരണം ചെയ്യാൻ കഴിഞ്ഞ ഫെബ്രുവരിയിൽ കോടതി ഉത്തരവിട്ടിരുന്നു. ഇത് നടക്കാതെ വന്നതോടെയാണ് കോടതിയലക്ഷ്യ ഹർജിയുമായി റേഷൻ വ്യാപാരികൾ ഹൈക്കോടതിയെ സമീപിച്ചത്.