കൊച്ചി: സുരക്ഷയുടെ പേരിൽ വിദ്യാർഥിനികളെ നിയന്ത്രിക്കുന്നത് പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്ന് കേരള ഹൈക്കോടതി. അത്തരം നിയന്ത്രണങ്ങൾ ആണധികാര വ്യവസ്ഥയുടെ ഭാഗമാണ്. ഹോസ്റ്റലിലെ നിയന്ത്രണങ്ങൾ ചോദ്യം ചെയ്ത് കോഴിക്കോട് മെഡിക്കൽ കോളേജിലെ വിദ്യാർഥിനികൾ നൽകിയ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം.
സുരക്ഷയുടെ പേരിൽ വിദ്യാർഥിനികൾ ക്യാമ്പസിന് അകത്ത് പോലും ഇറങ്ങരുത് എന്ന് ഭരണകൂടം പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു. മെഡിക്കൽ കോളേജ് ക്യാമ്പസിൽ പോലും വിദ്യാർഥിനികളുടെ ജീവൻ സംരക്ഷിക്കാൻ കഴിയുന്നില്ലേയെന്നും കോടതി ചോദിച്ചു. പെൺകുട്ടികൾക്ക് ഹോസ്റ്റലുകളിൽ പ്രവേശിക്കാൻ രാത്രി 9.30 എന്ന സമയപരിധി നിശ്ചയിച്ചതിന്റെ കാരണം വിശദീകരിക്കാൻ ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകി.
ഹോസ്റ്റലുകളിലെ പ്രവേശന നിയന്ത്രണം കോഴിക്കോട് മെഡിക്കൽ കോളേജിലെ വിദ്യാർഥിനികൾക്കിടയിൽ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പ്രിൻസിപ്പലുമായി ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. തുടർന്ന് പ്രശ്നം പരിഹരിക്കാൻ വിദ്യാർഥികൾ, രക്ഷിതാക്കൾ, കോളേജ് അധികൃതർ എന്നിവരെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിച്ചു.
ലിംഗവിവേചനമല്ല, സർക്കാർ നിയമമനുസരിച്ചാണ് ഹോസ്റ്റൽ പ്രവർത്തിക്കുന്നതെന്ന് വിശദീകരിച്ച് മെഡിക്കൽ കോളേജ് അധികൃതർ രംഗത്തെത്തിയിരുന്നു. നിലവിലുള്ള നിയമം തുടരാനാണ് രക്ഷിതാക്കളും അധ്യാപകരും ആഗ്രഹിക്കുന്നതെന്നും പ്രിൻസിപ്പൽ പറഞ്ഞു. വിദ്യാർഥികളുടെ ആവശ്യത്തിന്മേൽ സർക്കാർ നിർദ്ദേശം അറിഞ്ഞ ശേഷം തീരുമാനമെടുക്കാമെന്നും പ്രിൻസിപ്പൽ പറഞ്ഞിരുന്നു. ഇതോടെയാണ് വിദ്യാർത്ഥികൾ കോടതിയെ സമീപിച്ചത്.