കോഴിക്കോട്: കേരളത്തിന്റെ സാമ്പത്തിക വികസനത്തോടുള്ള ഉത്തരവാദിത്ത ബോധം രാഷ്ട്രീയ നേതൃത്വം കാണിക്കണമെന്ന് ശശി തരൂർ എം.പി.
ഫെബ്രുവരി 2 മുതൽ 5 വരെ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ നാലാം പതിപ്പിന് മുന്നോടിയായുള്ള 100 പ്രഭാഷണങ്ങളുടെ ഉദ്ഘാടനം കോഴിക്കോട് കള്‍ച്ചറല്‍ ബീച്ചില്‍ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
“സംസ്ഥാന ആസൂത്രണ ബോർഡിന്റെ കണക്കനുസരിച്ച് വിദേശത്ത് നിന്നുള്ള മലയാളികൾ ഒരു ലക്ഷം കോടി രൂപ ഇവിടേക്ക് അയയ്ക്കുന്നതിനാലാണ് കേരളം ജീവിക്കുന്നത്. ആ വരവ് നിലച്ചാൽ കേരളത്തിന്റെ വികസനം അവസാനിക്കും. കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് ഇന്ത്യയുടെ മൂന്നിരട്ടിയാണ്. ഗൾഫ് രാജ്യങ്ങളിലേക്ക് പോകുന്നതിന് മുമ്പ് മലയാളികൾ തൊഴിൽ തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകാറുണ്ടായിരുന്നു. ഇന്ന് അത് സംഭവിക്കില്ല. ഗൾഫിന്റെ വാതിലുകൾ അടച്ചാൽ വികസനം സ്തംഭിക്കുമെന്ന സാഹചര്യം ഇപ്പോഴത്തെ സർക്കാർ ഗൗരവമായി എടുക്കുന്നില്ല. ഈ അവസ്ഥയ്ക്ക് കേരളത്തിൽ തന്നെ പരിഹാരം കാണണം.” അദ്ദേഹം പറഞ്ഞു.