പനജി: ഗോവയിൽ നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയിൽ (ഐഎഫ്എഫ്ഐ) ‘ദി കശ്മീർ ഫയൽസ്’ ഉൾപ്പെടുത്തിയതിനെതിരെ അന്താരാഷ്ട്ര ചലച്ചിത്ര മത്സര വിഭാഗത്തിന്റെ ജൂറി ഹെഡ് നാദവ് ലാപിഡ്. 53-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സമാപനച്ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം പരസ്യ വിമർശനം ഉന്നയിച്ചത്.
രാജ്യാന്തര സിനിമാ വിഭാഗത്തിൽ 15 സിനിമകളാണ് ഉണ്ടായിരുന്നത്. ഇതിൽ 14 ചിത്രങ്ങൾ മികച്ച നിലവാരമുള്ളതും ചലച്ചിത്രമൂല്യം നിറഞ്ഞതുമായിരുന്നു. ഇത് വലിയ തോതിലുള്ള ചർച്ചകൾക്ക് വഴിവെച്ചു. എന്നാൽ 15-ാമത്തെ സിനിമ കണ്ട ശേഷമാണ് ഞങ്ങളെല്ലാവരും ഞെട്ടുകയും അസ്വസ്ഥരാവുകയും ചെയ്തത് – ദി കശ്മീർ ഫയൽസ്. അത് ഒരു പ്രോപ്പഗൻഡ (ഒരു പ്രത്യേക ഉദ്ദേശ്യത്തോടെയുള്ള പ്രചാരണം) പോലെ തോന്നി. ഇത്തരത്തിൽ അഭിമാനകരമായ ഫിലിം ഫെസ്റ്റിവലിന്റെ മത്സര വിഭാഗത്തിൽ, ഇത് അനുചിതവും അപരിഷ്കൃതവുമായ ഒരു ചിത്രമാണെന്ന് തോന്നി,” അദ്ദേഹം പറഞ്ഞു.
കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ ഉൾപ്പെടെയുള്ള മന്ത്രിമാർ പങ്കെടുത്ത പരിപാടിയിലായിരുന്നു ലാപിഡിന്റെ പരാമർശം. വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘കശ്മീരി ഫയൽസ്’ 1990 കളിൽ കശ്മീരി പണ്ഡിറ്റുകളുടെ കൂട്ട പലായനം അടിസ്ഥാനമാക്കിയുള്ളതാണ്. ഇന്ത്യൻ പനോരമയിലും രാജ്യാന്തര മത്സരവിഭാഗത്തിലും ചിത്രം പ്രദർശിപ്പിച്ചു.