ശബരിമല: ശബരിമലയില്‍ ഈ സീസണിലെ ഏറ്റവും വലിയ ഭക്തജന തിരക്ക്. 87,474 ഭക്തരാണ് ഇന്ന് സന്നിധാനത്ത് വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തത്. അപ്പം അരവണ വിൽപ്പനയിൽ നിന്നാണ് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ ഇത്തവണ ശബരിമലയിലേക്ക് തീർത്ഥാടകരുടെ വൻ ഒഴുക്കാണ് ഉണ്ടായത്. കാലാവസ്ഥയും അനുകൂലമായതോടെ ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം ഭക്തർ സന്നിധാനത്തേക്ക് ഒഴുകിയെത്തി. ആദ്യ 10 ദിവസം കൊണ്ട് 26 കോടി രൂപയാണ് അപ്പം അരവണ വിൽപ്പനയിലൂടെ ലഭിച്ചത്. പന്ത്രണ്ട് കോടി കാണിക്കയായും ലഭിച്ചു.
തീർത്ഥാടകർ പതിവുപോലെ എത്തിത്തുടങ്ങിയതോടെ മുറിവാടകയായി 48 ലക്ഷം രൂപ ലഭിച്ചു. അഭിഷേകത്തിൽ നിന്ന് 31 ലക്ഷം രൂപയും ലഭിച്ചു. ആകെ 52 കോടി. കഴിഞ്ഞ വർഷം ഇതേ സമയത്ത് 9.92 കോടി രൂപയായിരുന്നു വരുമാനം. വരുമാനത്തിന്റെ മുക്കാൽ ഭാഗവും ഉത്സവത്തിന്റെ നടത്തിപ്പിനായി ചെലവഴിക്കുന്നു. പ്രതിദിനം ശരാശരി 2.5 ലക്ഷം അരവണകളാണ് സന്നിധാനത്ത് വിൽക്കുന്നത്. 51 ലക്ഷം കണ്ടെയ്നർ അരവണ സ്റ്റോക്കുണ്ട്. പൂർണ്ണമായും ബുക്കിംഗ് വഴിയാണ് ദർശനം നടത്തുന്നത്, ഇതുവരെ അഞ്ച് ലക്ഷത്തിലധികം ആളുകൾ ദർശനം കഴിഞ്ഞ് മടങ്ങി.