തിരുവനന്തപുരം: ഐമാക്സ് തീയറ്റർ ഉൾപ്പെടെ 12 ലോകോത്തര സ്ക്രീനുകളും 1739 സീറ്റുകളുമായി പി.വി.ആർ. തിരുവനന്തപുരം ലുലു മാളിൽ ഡിസംബർ ആദ്യവാരം പ്രദർശനം ആരംഭിക്കും.
ആഡംബര സവിശേഷതകളുള്ള രണ്ട് ലക്സ് സ്ക്രീനുകളും 4ഡി മാക്സ് സ്ക്രീനും ഇതിൽ ഉൾപ്പെടുന്നു. ഐ മാക്സിൽ മാത്രം 278 സീറ്റുകളാണുള്ളത്. 4ഡി മാക്സിന് 80 സീറ്റുകളും രണ്ട് ലക്സ് തീയേറ്ററുകളിലായി 96 സീറ്റുകളുമാണുള്ളത്. മറ്റ് എട്ട് തിയേറ്ററുകളിൽ 107 മുതൽ 250 വരെ ഇരിപ്പിട കപ്പാസിറ്റിയുണ്ട്. കേരളത്തിലെ ഏറ്റവും വലിയ സൂപ്പർപ്ലെക്സാണ് പി.വി.ആറിൽ ആരംഭിക്കുന്നത്. ഐമാക്സ് ഒഴികെയുള്ള തീയേറ്ററുകൾ ഡിസംബർ രണ്ടിനും ഐമാക്സ് ഡിസംബർ അഞ്ചിനും പ്രദർശനം ആരംഭിക്കും. ഗോൾഡ്, ടീച്ചർ തുടങ്ങിയ ചിത്രങ്ങളാണ് ആദ്യം റിലീസ് ചെയ്യുക. ജെയിംസ് കാമറൂണിന്‍റെ അവതാർ- 2 ഐ മാക്സിലൂടെയാകും തലസ്ഥാനത്ത് പ്രദർശനം ആരംഭിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാ സ്ക്രീനുകളിലും അവസാന നിരയിൽ റിക്ലൈൻ സീറ്റുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.
ഇന്‍റർനാഷണൽ സ്റ്റാൻഡേർഡ് ഉള്ള അൾട്രാ ഹൈ റെസല്യൂഷൻ 2കെ ആർ ജി ബി പ്ലസ് ലേസർ പ്രൊജക്ടർ ഉള്ള കേരളത്തിലെ ആദ്യത്തെ സൂപ്പർപ്ലെക്സാണ് പിവിആർ ലക്സ്. ഡോൾബി 7.1 ഇമ്മേഴ്സീവ് ഓഡിയോ, നെക്സ്റ്റ്-ജെൻ 3ഡി സാങ്കേതികവിദ്യ എന്നിവ ഇതിൻ്റെ സവിശേഷതകളാണ്. ന്യൂഡൽഹി, ബെംഗളൂരു, നോയിഡ എന്നിവിടങ്ങളിലെ വിജയത്തിന് ശേഷം രാജ്യത്തെ നാലാമത്തെ പിവിആർ സൂപ്പർപ്‌ളെക്സാണിത്.