കൊച്ചി: വലിയ കപ്പലുകൾക്ക് കൊച്ചി തുറമുഖത്തെത്താൻ കഴിയുന്ന തരത്തിൽ കപ്പല്‍ച്ചാലിന്റെ ആഴം വർദ്ധിപ്പിക്കുന്നു. സാഗർമാല പദ്ധതിയിൽ 380 കോടി രൂപയുടെ നിക്ഷേപമാണ് കേന്ദ്ര സർക്കാർ ഇതിനായി പ്രഖ്യാപിച്ചിരിക്കുന്നത്. ട്രാന്‍സ്ഷിപ്പ്മെന്റ് ഹബ്ബായി ഉയർത്താൻ ലക്ഷ്യമിട്ട് നടത്തുന്ന ഈ പദ്ധതി രാജ്യത്തെ ബിസിനസ് മേഖലയ്ക്ക് ഗുണം ചെയ്യും.
നിലവിൽ 14.5 മീറ്ററാണ് കപ്പല്‍ച്ചാലിന് ആഴം. പദ്ധതി പ്രകാരം ഇത് 16 മീറ്ററായി ആദ്യ ഘട്ടത്തില്‍ ഉയര്‍ത്തും. ഇതോടെ വല്ലാര്‍പാടം ടെര്‍മിനലിന്റെ കണ്ടെയ്നര്‍ കൈകാര്യ ശേഷി നിലവിലെ 10 ലക്ഷം ടി.ഇ.യു. കണ്ടെയ്നറുകളില്‍നിന്ന് 20 ലക്ഷം കണ്ടെയ്നറുകളായി ഉയര്‍ത്താനുമാകും. ഇതോടെ കൊളംബോ തുറമുഖത്തിന് തിരിച്ചടിയാകും. നിലവിൽ, പ്രധാന അന്താരാഷ്ട്ര ചരക്ക് കപ്പലുകളിൽ ഭൂരിഭാഗവും കൊളംബോ തുറമുഖത്ത് നിന്ന് കൊച്ചിയിലേക്ക് സാധനങ്ങൾ കൊണ്ടുപോകുകയാണ്. ആഴം കൂടുന്നതോടെ കൊളംബോ തുറഖത്ത് എത്തുന്ന അന്താരാഷ്ട്ര ചരക്കുകപ്പലുകൾ കൊച്ചിയിലെത്തും. കൊളംബോ തുറമുഖത്തിന്റെ ആഴം 18 മീറ്ററാണ്.
പദ്ധതിച്ചെലവിന്റെ പകുതിയും തുറമുഖ ട്രസ്റ്റിന് സ്വന്തമായി കണ്ടെത്തേണ്ടിവരുമെന്ന് കേന്ദ്ര തുറമുഖ മന്ത്രി സര്‍ബാനന്ദ സോനോവൽ തിങ്കളാഴ്ച സൂചന നൽകി. മന്ത്രി തന്നെ പ്രഖ്യാപിച്ച 380 കോടി രൂപയുടെ പകുതിയോ അതോ 380 കോടിയിൽ കൂടുതലോ ആണോ തുറമുഖ ട്രസ്റ്റ് നിക്ഷേപിക്കേണ്ടത് എന്ന് വ്യക്തമല്ല. എന്നിരുന്നാലും, നിലവിൽ, കൊച്ചിൻ തുറമുഖത്തിന് അത്തരമൊരു തുക നിക്ഷേപിക്കാനുള്ള സാമ്പത്തിക ശേഷിയില്ല.