തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ നിയമനത്തിനായി പാർട്ടി പട്ടിക ആവശ്യപ്പെട്ട് സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് നൽകിയെന്ന് പറയപ്പെടുന്ന കത്ത് വ്യാജമെന്ന് മേയർ ആര്യ രാജേന്ദ്രൻ ഓംബുഡ്സ്മാൻ വിശദീകരണം നൽകി. ഔദ്യോഗിക ലെറ്റർപാഡോ സീലോ ദുരുപയോഗം ചെയ്തിട്ടില്ലെന്നും മേയർ വ്യക്തമാക്കി.
തന്‍റെ ഒപ്പ് കൃത്രിമമായി സ്കാൻ ചെയ്ത് കോർപ്പറേഷന്‍റെ ലെറ്റർ പാഡിൽ ഉൾപ്പെടുത്തിയതാകാമെന്നാണ് മേയർ ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി. ഡി.വൈ.എസ്.പി ജലീൽ തോട്ടത്തിൽ ഓഫീസിലെ 2 ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. മേയറുടെ ഓഫീസ് രേഖകളോ കംപ്യൂട്ടറുകളോ ക്രൈംബ്രാഞ്ച് പരിശോധിക്കുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്തിട്ടില്ല.
സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, കോർപ്പറേഷൻ പാർലമെന്‍ററി പാർട്ടി സെക്രട്ടറി ഡി.ആർ അനിൽ എന്നിവരുടെ മൊഴിയും വരും ദിവസങ്ങളിൽ രേഖപ്പെടുത്തും.