Spread the love

തിരുവനന്തപുരം: രാജ്ഭവനിലേക്കുള്ള നിയമനത്തിന് പ്രത്യേക ചട്ടങ്ങൾ രൂപീകരിക്കാനുള്ള കരട് നിർദ്ദേശങ്ങളോട് എതിർപ്പ് രേഖപ്പെടുത്തി സർക്കാർ. കരട് നിർദ്ദേശങ്ങളിൽ പലതും നിലവിലുള്ള നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് സർക്കാർ മറുപടി നൽകി. രാജ്ഭവനിലേക്കുള്ള ഏത് തസ്തികയിലും ഗവർണർക്ക് കോ-ടെർമിനസ് അടിസ്ഥാനത്തിൽ ആളുകളെ നിയമിക്കാമെന്ന കരടിലെ നിർദ്ദേശവും സർക്കാർ തള്ളി. കരട് നിർദ്ദേശങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ ആവശ്യപ്പെട്ട് ഫയൽ രാജ്ഭവനിലേക്ക് അയച്ചിട്ടുണ്ട്. രാജ്ഭവൻ മറുപടി നൽകിയിട്ടില്ല.

രാജ്ഭവൻ സർവീസിനായി പ്രത്യേക ചട്ടങ്ങൾ രൂപീകരിക്കുന്നതിനുള്ള കരട് നിർദ്ദേശങ്ങൾക്ക് സർക്കാർ കഴിഞ്ഞ മാസമാണ് മറുപടി നൽകിയത്. കരട് പ്രകാരം രാജ്ഭവനിലെ എല്ലാ തസ്തികകളും രാജ്ഭവൻ സർവീസിലെ ലാസ്റ്റ് ഗ്രേഡ് സർവീസുകാരുടെ പ്രമോഷൻ തസ്തികകളാണെന്നും അവരുടെ അഭാവത്തിൽ മാത്രമേ നേരിട്ടുള്ള നിയമനവും ഡെപ്യൂട്ടേഷൻ നിയമനവും നടത്താവൂ എന്നും പറയുന്നു. ഇക്കാര്യത്തിൽ സർക്കാർ വിയോജിച്ചു. ഗവർണറുടെ അധികാര കാലയളവിൽ ആർക്കും ഏത് തസ്തികയിലും നിയമനം നൽകാമെന്ന കരടിലെ നിർദ്ദേശം കേരള പബ്ലിക് സർവീസ് ആക്ടിന് വിരുദ്ധമാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. കരട് നിർദ്ദേശങ്ങളിൽ ഉടനടി മാറ്റങ്ങൾ വരുത്തണമെന്നും നിർദ്ദേശിച്ചു.

കേരള അഗ്രികൾച്ചർ സ്റ്റേറ്റ് സർവീസ് സ്പെഷ്യൽ റൂൾ, കേരള സെക്രട്ടേറിയറ്റ് സബോർഡിനേറ്റ് സർവീസ് സ്പെഷ്യൽ റൂൾ എന്നിവയുടെ പകർപ്പുകളും സർക്കാർ പരിശോധനയ്ക്കായി രാജ്ഭവനിലേക്ക് അയച്ചിട്ടുണ്ട്. നിയമനങ്ങളിൽ കാലോചിതമായ മാറ്റങ്ങൾ വരുത്താനാണ് ചട്ടങ്ങൾ കൊണ്ടുവരാൻ രാജ്ഭവൻ തീരുമാനിച്ചത്. നിയമങ്ങൾ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് ഫയൽ പരിശോധനകൾ നടന്നുവരികയാണെന്ന് രാജ്ഭവൻ അധികൃതർ പറഞ്ഞു.

By newsten