മോസ്കോ: ഫെയ്സ്ബുക്കിന്‍റെ മാതൃ കമ്പനിയായ മെറ്റയെ റഷ്യൻ നീതിന്യായ മന്ത്രാലയം ഭീകരസംഘടനയായി പ്രഖ്യാപിച്ചതായി ഒരു റഷ്യൻ മാധ്യമത്തെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. മെറ്റയ്ക്കെതിരായ റഷ്യയുടെ നീക്കങ്ങളിലെ ഏറ്റവും പുതിയ നീക്കമാണിത്. രാജ്യത്തിന്‍റെ സാമ്പത്തിക ഇടപാടുകൾ നിരീക്ഷിക്കുന്ന ഏജൻസിയായ റോസ്ഫിൻ മോണിറ്ററിംഗ് കഴിഞ്ഞ മാസം മെറ്റയെ തീവ്രവാദ ഗ്രൂപ്പായി പട്ടികപ്പെടുത്തിയിരുന്നു.
ഈ വർഷം ആദ്യം, ഒരു റഷ്യൻ കോടതി മെറ്റയെ തീവ്രവാദ സ്വഭാവമുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് വിമർശിച്ചിരുന്നു. പാശ്ചാത്യ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കെതിരായ പ്രചാരണത്തിന്‍റെ ഭാഗമായി മാർച്ചിൽ റഷ്യൻ സർക്കാർ മെറ്റയുടെ അനുബന്ധ സ്ഥാപനങ്ങളായ ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു.
ഉക്രൈൻ യുദ്ധകാലത്ത് റഷ്യയ്ക്കെതിരെ മെറ്റയും സിഇഒ മാർക്ക് സുക്കർബർഗും നിലപാടെടുത്തതായി റഷ്യ ആരോപിച്ചിരുന്നു. ഫെയ്സ്ബുക്ക് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയയിൽ ഉക്രൈൻ അനുകൂല പോസ്റ്റുകൾ വ്യാപകമായി പ്രചരിച്ചതാണ് റഷ്യയെ പ്രകോപിപ്പിച്ചത്. തുടർന്ന് ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും നിരോധിക്കുകയും ഏപ്രിലിൽ സക്കർബർഗിനെ റഷ്യയിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തിരുന്നു. മെറ്റയ്ക്ക് തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കുണ്ടെന്ന് ആരോപിച്ച് മോസ്കോ കോടതിയും ഹർജി തള്ളി.