ചെറുവത്തൂര്‍: ഒറ്റമുറി ക്വാർട്ടേഴ്സിൽ നിന്ന് നാരായണി ടീച്ചർ ഒരു ചെറിയ വാടക വീട്ടിലേക്ക് താമസം മാറി.കണ്ണാടിപ്പാറയിലെ ഈ വീട്ടിൽ നിന്നായിരിക്കും നാരായണി ടീച്ചർ ഇനി മുതൽ വീടുകളിൽ ട്യൂഷൻ എടുക്കാൻ എത്തുന്നത്.50 വർഷത്തോളമായി കെ.വി. നാരായണി എന്ന അധ്യാപിക നടന്ന് ഓരോ വീടുകളിലുമെത്തി ട്യൂഷൻ എടുത്തു വരുകയാണ്. മസ്കറ്റിലെ ടവൽ എഞ്ചിനീയറിംഗ് ഗ്രൂപ്പിന്റെ സ്ഥാപക സി.ഇ.ഒ.യും മാനേജിംഗ് ഡയറക്ടറുമായ ബാലാജി ശ്രീനിവാസനാണ് വീടിന്റെ വാടക നൽകി സഹായിക്കാൻ മുന്നോട്ടു വന്നിരിക്കുന്നത്.പുതിയ വീട് നിർമ്മിച്ചു നൽകുന്നതും പരിഗണനയിലുണ്ട്.
ഡിസംബർ 16ന് രായണി ടീച്ചറും ഭർത്താവ് ദാമോദരനും ബാലാജി ശ്രീനിവാസനെ കാണാൻ ഗുരുവായൂരിലേക്ക് പുറപ്പെടും. 15-ാം വയസ്സ് മുതൽ കാൽനടയായി ട്യൂഷൻ എടുക്കാൻ തുടങ്ങിയ ടീച്ചർക്ക് ഇപ്പോൾ 65 വയസ്സായി.1971-ൽ നീലേശ്വരത്തെ രാജാസ് ഹൈസ്കൂളിൽ നിന്ന് എസ്.എസ്.എൽ.സി പൂർത്തിയാക്കി.കുടുംബത്തിന് താങ്ങാകാൻ ട്യൂഷൻ എടുക്കാൻ തുടങ്ങിയ അവർ ഒരു ദിവസം 30 കിലോമീറ്റർ വരെയാണ് നടന്നിരുന്നത്.
ചെറുവത്തൂർ ടെക്നിക്കൽ സ്കൂൾ വി.എച്ച്.എസ്.ഇ.യിലെ കെ.വി.ഷിജു, എം.ദുർഗാദാസ്, കെ.പി.ജോജിഷ് എന്നിവരും നാരായണി ടീച്ചർക്ക് സഹായവുമായെത്തിയിരുന്നു.