Spread the love

കൊച്ചി: സാങ്കേതിക സർവകലാശാലയുടെ (കെടിയു) ഇടക്കാല വൈസ് ചാൻസലറായി സിസ തോമസിനെ നിയമിച്ചതുമായി ബന്ധപ്പെട്ട് ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനോട് ഹൈക്കോടതിയുടെ ചോദ്യങ്ങൾ. സിസ തോമസിനെ എങ്ങനെയാണ് നിയമനത്തിന് കണ്ടെത്തിയതെന്ന് കോടതി ചോദിച്ചു. ആരാണ് സിസ തോമസിന്‍റെ പേര് നിർദ്ദേശിച്ചത്? മറ്റു വി.സിമാർ ഇല്ലായിരുന്നോ? പ്രോ വൈസ് ചാൻസലർ ഉണ്ടായിരുന്നോ? സിസയുടെ പേരിലേക്ക് എങ്ങനെ എത്തി തുടങ്ങിയ ചോദ്യങ്ങൾ കോടതി ഉന്നയിച്ചു.

സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സീനിയർ ജോയിന്‍റ് ഡയറക്ടറായിരുന്ന സിസ തോമസിനെ ഇടക്കാല വിസിയായി നിയമിച്ചതിനെതിരെ സർക്കാർ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ചാൻസലർ പ്രോ-വിസിയെ ശുപാർശ ചെയ്യുക മാത്രമാണ് ചെയ്യുന്നത്. താൽക്കാലിക വി.സിയെ നിയമിക്കുന്നതിന് യുജിസി ചട്ടങ്ങളോ പ്രത്യേക നടപടിക്രമങ്ങളോ ഇല്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. താൽക്കാലിക വി.സി സ്ഥിരം വി.സിക്ക് തുല്യമാണോ എന്ന് ചോദിച്ച കോടതി, കാലാവധി താൽക്കാലികമാണെന്ന വ്യത്യാസം മാത്രമാണോ ഉള്ളതെന്നും ചോദിച്ചു.

വി.സിയെ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കണമെന്നും സെലക്ഷൻ കമ്മിറ്റിയുടെയും സെർച്ച് കമ്മിറ്റിയുടെയും സംയുക്ത പരിശോധനയ്ക്ക് ശേഷം സെലക്ഷൻ നടത്തണമെന്നും കോടതി വ്യക്തമാക്കി. വിസിയുടേത് കൂടുതൽ ഉത്തരവാദിത്തമുള്ള ജോലിയാണെന്നും കോടതി കൂട്ടിച്ചേർത്തു.

By newsten