കൊച്ചി: കൊച്ചിയിൽ ശശി തരൂരിനെ ഇറക്കാൻ പ്രൊഫഷണൽ കോണ്‍ഗ്രസ്. കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവർക്കൊപ്പമാണ് ശശി തരൂരിനെ ക്ഷണിച്ചിരിക്കുന്നത്. ഡോ.എസ്‍ എസ് ലാലും മാത്യുകുഴൽനാടൻ എംഎൽഎയുമാണ് പ്രധാന സംഘാടകർ.ഡിക്കോഡ് എന്ന പേരിട്ട സംസ്ഥാന തല കോണ്‍ക്ലേവിൽ മുഖ്യപ്രഭാഷകൻ ആയിട്ടാണ് തരൂരിന് ക്ഷണം. മൂന്ന് നേതാക്കളും ഒരുമിച്ച് പരിപാടിയിൽ പങ്കെടുക്കുമോ എന്നതും ശ്രദ്ധേയമാണ്.
വിഭാഗീയതയ്ക്കെതിരായ താക്കീതുകളും പരസ്യമായ വിമർശനങ്ങളും ഉണ്ടായിട്ടും സംസ്ഥാന കോൺഗ്രസിൽ നിന്ന് പിന്നോട്ടില്ലെന്ന് ശശി തരൂർ വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച മലബാർ പര്യടനത്തിന് ശേഷം സ്വന്തം തട്ടകത്തിലെ പാർട്ടിയുടെ സമരവേദിയിലും തരൂർ സജീവമാകുകയാണ്. കോർപ്പറേഷന് മുന്നിലെ യു.ഡി.എഫ് സമരപ്പന്തലിൽ പ്രാദേശിക എം.പി ഇല്ലാത്തതിനെ വിമർശിച്ച ഔദ്യോഗിക നേതൃത്വത്തിന് തരൂർ പരോക്ഷ മറുപടിയും നൽകി.
തരൂരിന്റെ നീക്കം ലോക്സഭയെയല്ല, നിയമസഭയെ ലക്ഷ്യമിട്ടാണ് എന്ന് ഉറപ്പിക്കുകയാണ് എതിർ പക്ഷം. കത്ത് വിവാദവും വിഴിഞ്ഞം സമരവേദിയിലെ വ്യത്യസ്ത നിലപാടുകളും മുതൽ പിണറായി മോദി സ്തുതികൾ വരെ കോൺഗ്രസ് വിരുദ്ധ സമീപനങ്ങൾ എണ്ണിപ്പറഞ്ഞാണ് പ്രതിരോധം. കോട്ടയത്തെ വേദിയിലടക്കം എ വിഭാഗം പിന്തുണ നൽകുമ്പോൾ തരൂർ വിരുദ്ധ സമീപനത്തിൽ വി.ഡി സതീശനും രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ള നേതാക്കൾ ഒന്നിക്കുകയാണ്. കേരളത്തിലെ സ്ഥിതിഗതികൾ ഹൈക്കമാൻഡും ശ്രദ്ധാപൂർവ്വം വിലയിരുത്തുന്നുണ്ട്.