തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമണക്കേസിലെ നാലാം പ്രതി നവ്യ ക്രൈംബ്രാഞ്ചിന് മുന്നിൽ. നവ്യയ്ക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന നിർദ്ദേശപ്രകാരമാണ് നവ്യ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയത്. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ജിതിൻ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാൻ, ആറ്റിപ്രയിലെ പ്രാദേശിക കോൺഗ്രസ് പ്രവർത്തക നവ്യ ടി എന്നിവരാണ് എകെജി സെന്റർ ആക്രമണക്കേസിലെ പ്രതികൾ.
എ.കെ.ജി സെന്ററിലെ ആക്രമണത്തിന് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ജിതിൻ ഉപയോഗിച്ച ഡിയോ സ്കൂട്ടർ സുഹൈൽ ഷാജഹാന്റെ ഡ്രൈവറുടേതാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. സ്കൂട്ടർ ഉടമ സുധീഷ് വിദേശത്തേക്ക് കടന്നതായും പൊലീസ് കണ്ടെത്തിയിരുന്നു. സ്കൂട്ടർ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവ ദിവസം രാത്രി 10.30 ഓടെയാണ് ഗൗരിശപട്ടത്തെത്തിച്ച് ആറ്റിപ്ര സ്വദേശിയും യൂത്ത് കോണ്ഗ്രസ് പ്രാദേശിക നേതാവുമായി നവ്യ ജിതിന് സ്കൂട്ടർ കൈമാറിയെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്.
സുഹൃത്ത് നവ്യ കൊണ്ടുവന്ന സ്കൂട്ടർ ഓടിച്ച് ജിതിൻ എ.കെ.ജി സെന്ററിൽ സ്ഫോടകവസ്തു എറിഞ്ഞ് ഗൗരിശപട്ടത്തേക്ക് മടങ്ങി. സ്കൂട്ടർ നവ്യയ്ക്ക് കൈമാറിയ ശേഷം ജിതിൻ സ്വന്തം കാറിൽ സഞ്ചരിച്ചെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. രാത്രിയിൽ ജിതിന്റെ പേരിലുള്ള കാറും പിന്നാലെ ഡിയോ സ്കൂട്ടറും പോകുന്ന സി.സി.ടി.വി ദൃശ്യങ്ങൾ അന്വേഷണത്തിലെ പ്രധാന സൂചനയായിരുന്നു. ചോദ്യം ചെയ്യലിൽ താൻ സ്കൂട്ടർ ജിതിന് വേണ്ടി കൊണ്ടുവന്നതാണെന്ന് നവ്യ സമ്മതിച്ചിരുന്നു. ജിതിനെ കസ്റ്റഡിയിലെടുത്ത ശേഷം സുഹൈൽ ഷാജഹാനും നവ്യയും ഒളിവിൽ പോയിരുന്നു.