ന്യൂഡൽഹി: റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ അരുൺ ഗോയലിനെ തിരഞ്ഞെടുപ്പു കമ്മിഷണറായി തിരക്കിട്ട് നിയമിച്ച നടപടി ചോദ്യം ചെയ്ത് സുപ്രീം കോടതി. നാല് പേരിൽ നിന്ന് എങ്ങനെയാണ് ഈ പേരിലേക്ക് എത്തിയത് എന്നും ഒഴിവ് വന്ന മേയ് 15 മുതൽ നവംബർ 18 വരെ എന്തു ചെയ്തുവെന്നു പറയാമോ എന്നും കോടതി ആരാഞ്ഞു.
അരുൺ ഗോയലിനെ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കാനുള്ള കേന്ദ്ര നീക്കം പരിശോധിക്കവെ ജസ്റ്റിസ് കെ.എം ജോസഫ് അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ആണ് കേന്ദ്ര സർക്കാരിനോട് ഈ നിർണായക ചോദ്യങ്ങൾ ചോദിച്ചത്. “നിയമ മന്ത്രാലയം നാലു പേരുടെ ചുരുക്കപ്പട്ടിക തയാറാക്കി, ഫയൽ നീക്കിയത് നവംബർ 18ന്. അന്നു തന്നെയാണ് പ്രധാനമന്ത്രിയും പേര് നിർദേശിച്ചത്. ഇതിൽ ഏറ്റുമുട്ടലിനല്ല ഞങ്ങൾ ഉദ്ദേശിക്കുന്നത്. നടപടി തുടങ്ങിയതും പൂർത്തിയായതും ഒരേ ദിവസം. 24 മണിക്കൂർ പോലും വേണ്ടിവന്നില്ല. എന്തിനായിരുന്നു ഇത്ര ധൃതി?” കോടതി ചോദിച്ചു.
എന്നാൽ അരുൺ ഗോയലിന്‍റെ യോഗ്യതയെയല്ല, നിയമന പ്രക്രിയയെയാണ് ചോദ്യം ചെയ്യുന്നതെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഗോയലിന്‍റെ നിയമന രേഖകൾ ഹാജരാക്കാനുള്ള നിർദ്ദേശത്തെ കേന്ദ്രം മുൻ ദിവസം ശക്തമായി എതിർത്തിരുന്നു. എന്നാൽ എല്ലാം ശരിയായാണ് നടന്നത് എന്ന് ഉറപ്പാക്കാൻ രേഖകൾ ആവശ്യമാണെന്ന് കോടതി വിശദീകരിച്ചു. തിരഞ്ഞെടുപ്പു കമ്മിഷണറുടെ നിയമന നടപടികളിൽ പരിഷ്കാരം ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജികൾ പരിഗണിക്കവേ, ഹർജിക്കാർക്കായി ഹാജരായ അഭിഭാഷകൻ പ്രശാന്ത് ഭൂഷണാണ് ഈ വിഷയം ഉന്നയിച്ചത്.