ഒറ്റപ്പാലം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ എല്ലാ സേവനങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ സഹായിക്കുന്ന മൊബൈൽ ആപ്പ് വരുന്നു. കെ-സ്മാർട്ട് (കേരള സൊലൂഷൻസ് ഫോർ മാനേജിങ് അഡ്മിനിസ്ട്രേറ്റീവ് റിഫർമേഷൻ ആൻഡ് ട്രാൻസ്ഫോർമേഷൻ) എന്നാണ് ആപ്പിന്റെ പേര്. നഗരസഭകളിലെയും കോർപ്പറേഷനുകളിലെയും സേവനങ്ങൾ ആദ്യം ലഭ്യമാക്കുന്ന തരത്തിലാണ് ഇൻഫർമേഷൻ കേരള മിഷൻ ആപ്പ് തയ്യാറാക്കുന്നത്.
നിലവിൽ പത്തിലധികം ആപ്ലിക്കേഷനുകളാണ് വിവിധ സേവനങ്ങൾക്കായി തദ്ദേശ സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്നത്. ഒരേ സേവനത്തിനായി ഇപ്പോൾ ഒന്നിലധികം ആപ്ലിക്കേഷനുകൾ ഉണ്ട്. ഇതെല്ലാം ഒരൊറ്റ ആപ്ലിക്കേഷനാക്കി മാറ്റുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ ട്രേഡ് ലൈസൻസ്, പൊതുജനങ്ങൾ പരാതികളയക്കുന്ന സംവിധാനം, ഇ-ഓഫീസ് പ്രവർത്തനങ്ങൾ എന്നിവ ലഭ്യമാകും. തുടർന്ന് എല്ലാ സേവനങ്ങളും ഘട്ടം ഘട്ടമായി ലഭ്യമാക്കും.
ഓഫീസർക്കും പൊതുജനങ്ങൾക്കും വെവ്വേറെ ലോഗിൻ ചെയ്ത് ഉപയോഗിക്കാനുള്ള സൗകര്യം ആപ്ലിക്കേഷനിൽ ഉണ്ടായിരിക്കും. അപേക്ഷകളുടെ നിലവിലെ അവസ്ഥ അറിയാൻ കഴിയുമെന്നതിനാൽ ഓഫീസിലേക്ക് പോകേണ്ട ആവശ്യമില്ലെന്നതാണ് നേട്ടം. സേവനങ്ങളുടെ വിവരങ്ങളെല്ലാം സംഭരിച്ചു വെക്കാനും സംവിധാനമുണ്ട്.