Spread the love

ചാവക്കാട്: റഷ്യൻ ശാസ്ത്രജ്ഞർ നിരീക്ഷണത്തിനായി കാലിൽ വളയമിട്ട് പറത്തി വിട്ട ഗ്രേറ്റ് നോട്ട് എന്നറിയപ്പെടുന്ന ശൈത്യകാല ദേശാടന പക്ഷിയെ ചാവക്കാട് തീരത്ത് കണ്ടെത്തി. റഷ്യയിലെ കാംചത്ക പെനിൻസുലയുടെ പടിഞ്ഞാറേതീരത്തെ ഖൈറുസോവ- ബെലോഗൊയോവായ നദികളുടെ അഴിമുഖത്ത് നിന്ന് കഴിഞ്ഞ വർഷം ഓഗസ്റ്റ് 12ന് പറത്തി വിട്ട പക്ഷിയാണ് ഇതെന്ന് പക്ഷിനിരീക്ഷകർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഈ പക്ഷി 9,000 കിലോമീറ്റർ പറന്നതായി കരുതപ്പെടുന്നു.

പി.പി. ശ്രീനിവാസൻ, ഡോ. കലേഷ് സദാശിവൻ, പി.ബി. സാംകുമാർ എന്നിവരാണ് പക്ഷിയെ കണ്ടെത്തിയത്. 150 ലധികം ദേശാടനപക്ഷികൾക്കിടയിൽ നിന്നാണ് കാലിൽ ഒരു വളയം ഘടിപ്പിച്ച ഈ പക്ഷിയെ കണ്ടെത്തിയത്. പക്ഷിയെ സൂക്ഷ്മമായി നിരീക്ഷിച്ചതിലൂടെ കാലിലെ വളയത്തിൽ എഴുതിയ ലിഖിതം വായിച്ചെടുക്കാൻ കഴിഞ്ഞു എന്നും തുടർന്ന് റഷ്യൻ ബന്ധം മനസ്സിലാക്കാൻ കഴിഞ്ഞു എന്നും ഇവർ അറിയിച്ചു.

കാംചത്ക പെനിൻസുലയിലെ ഡിമിത്രി ഡൊനേഫീവിനെ ഇതേക്കുറിച്ച് വിവരമറിയിച്ചു. അദ്ദേഹം പക്ഷിയെക്കുറിച്ചുള്ള സ്ഥിരീകരണം നടത്തി കൂടുതൽ വിവരങ്ങൾ നൽകിയെന്ന് ട്രാവൻകൂർ നേച്വർ ഹിസ്റ്ററി സൊസൈറ്റിയുടെ റിസർച്ച് അസോസിയേറ്റ് കൂടിയായ ഡോ. കലേഷ് സദാശിവൻ പറഞ്ഞു. ഏകദേശം 1000 പക്ഷികളിൽ റഷ്യൻ ശാസ്ത്രജ്ഞർ വളയം ധരിപ്പിച്ചിരുന്നെങ്കിലും ഇന്ത്യയിൽ ഇതുവരെ രണ്ടെണ്ണത്തെയാണ് കണ്ടെത്തിയിട്ടുള്ളത്. ഇതിന് മുമ്പ് ഗുജറാത്തിലെ ജാംനഗറിലാണ് ഒരെണ്ണത്തെ കണ്ടത്.

By newsten