തിരുവനന്തപുരം: പാറശ്ശാല മുര്യങ്കര സ്വദേശി ഷാരോൺ രാജിനെ കാമുകി ഗ്രീഷ്മ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിൽ കേരള പൊലീസ് അന്വേഷണം നടത്തും. കേസ് തമിഴ്നാടിന് കൈമാറില്ല. കേരളത്തിൽ കേസന്വേഷിക്കുന്നതിന് തടസമില്ലെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചിരുന്നു. പബ്ലിക് പ്രോസിക്യൂട്ടറുടെയും എജിയുടെയും നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് കേരളത്തിൽ കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിക്കാൻ തീരുമാനിച്ചത്.
കേസിൽ 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു. ശാസ്ത്രീയ തെളിവുകൾ 90 ദിവസത്തിനകം ലഭ്യമാകുമെന്നും അധികൃതർ അറിയിച്ചു.
ഗ്രീഷ്മയുടെ വീട് സ്ഥിതി ചെയ്യുന്ന രാമവർമ്മൻചിറ തമിഴ്നാട്ടിലെ പളുകൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ചാണ് ഷാരോൺ മരിച്ചതെങ്കിലും ഗ്രീഷ്മയുടെ വീട്ടിൽ വച്ചാണ് കഷായം നൽകിയത്. ഷാരോണിന്‍റെ കുടുംബത്തിന്‍റെ പരാതിയിൽ പാറശ്ശാല പൊലീസാണ് കേസെടുത്തത്. സംഭവം നടന്നത് തമിഴ്നാട്ടിലായതിനാൽ കേസ് തമിഴ്നാട് പൊലീസിന് കൈമാറണമോ എന്ന കാര്യത്തിൽ ആശയക്കുഴപ്പം നിലനിന്ന സാഹചര്യത്തിലാണ് നിയമോപദേശം തേടിയത്.