Spread the love

ബാലുശ്ശേരി: ചികിത്സ ലഭിക്കാതെ ഗുരുതര രോഗത്തോട് മല്ലിടുന്ന മൂന്ന് യുവാക്കൾക്കായി ബസ്സുടമകളും തൊഴിലാളികളും ചേർന്ന് ഒരു ദിവസത്തെ വരുമാനവും, വേതനവും നീക്കിവച്ചു.ബസ് ഓപ്പറേറ്റേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലുശ്ശേരി-കോഴിക്കോട് റൂട്ടിലോടുന്ന 45 ബസുകളാണ് കാരുണ്യയാത്രയുമായി നിരത്തിലിറങ്ങിയത്. ബാക്കി വാങ്ങാതെയും, സംഭാവന നൽകിയും യാത്രക്കാരും കാരുണ്യയാത്രയിൽ പങ്കാളികളായി.200 ട്രിപ്പുകളാണ് ഈ റൂട്ടിൽ പ്രതിദിനം സർവീസ് നടത്തുന്നത്.

വൃക്കരോഗിയായ ബാലുശ്ശേരി സ്വദേശി മുഹമ്മദ് ആഷിഫിന് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ഡോക്ടർമാർ നിർദേശം നൽകിയിരുന്നെങ്കിലും പണമില്ലാത്തതിനാൽ ബുദ്ധിമുട്ടുകയായിരുന്നു.തുടർച്ചയായ ഡയാലിസിസും യുവാവിനും കുടുംബത്തിനും മേൽ പ്രതിസന്ധി സൃഷ്ടിച്ചു.

ചേളന്നൂർ സ്വദേശി പി.പി.ഷമീർ, ഉണ്ണികുളം സ്വദേശി പി.കെ.സത്യൻ എന്നിവർ ഗുരുതര കരൾ രോഗത്തെ നേരിട്ടു വരുന്നു. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ മാത്രമാണ് ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള ഏക വഴിയെന്ന് ഡോക്ടർമാർ പറഞ്ഞു. രക്താർബുദം ബാധിച്ച മകനെ തനിക്കുള്ളതെല്ലാം ചിലവാക്കി ചികിത്സച്ചതിന്റെ കടബാധ്യതയിൽ നിൽക്കുമ്പോഴാണ് സത്യന് കരൾ രോഗം പിടിപെടുന്നത്. മൂന്നാളുകളുടെയും ചികിത്സക്കായി ഒരു കോടിയോളം രൂപയാണ് സ്വരൂപിക്കേണ്ടത്. ബാലുശ്ശേരി എസ്.ഐ. കെ. റഫീഖ്, ജോ.ആർ.ടി.ഒ രാജേഷ് എന്നിവർ ചേർന്നാണ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തത്.

By newsten