ഇസ്ലാമാബാദ്: ആറ് വർഷം പാക് സൈനിക മേധാവിയായിരിക്കെ ജനറൽ ഖമർ ജാവേദ് ബജ്വയും കുടുംബാംഗങ്ങളും കോടിക്കണക്കിന് രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന് ആരോപണം. പാക് വെബ്സൈറ്റായ ഫാക്ട് ഫോക്കസിലെ റിപ്പോർട്ട് പ്രകാരം ബജ്വയുടെ കുടുംബം 12.7 ബില്യൺ ഡോളർ (1,270 കോടി രൂപ) ആണ് സമ്പാദിച്ചത്. സൈനിക സേവനത്തിൽ നിന്ന് വിരമിക്കുന്നതിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്.
2013 മുതൽ 2021 വരെയുള്ള കാലയളവിലുള്ള ജനറൽ ബജ്വയുടെയും കുടുംബാംഗങ്ങളുടെയും സ്വത്തുക്കളുടെ വിശദാംശങ്ങളും വെബ്സൈറ്റ് പുറത്ത് വിട്ടിട്ടുണ്ട്. ബജ്വയുടെ ഭാര്യ അയേഷ അംജദിന്റെ ആസ്തി ആറ് വർഷത്തിനുള്ളിൽ 2.2 ബില്യൺ ഡോളറായി (220 കോടി രൂപ) ഉയർന്നു. 2018 ഒക്ടോബർ അവസാനത്തിനും നവംബർ ആദ്യ വാരത്തിനും ഇടയിൽ ബജ്വയുടെ മകന്റെ ഭാര്യ മഹ്നൂർ സാബിറിന്റെ ആസ്തി 1271 മില്യൺ ഡോളർ (127.1 കോടി രൂപ) ആയിരുന്നു. അതിനുമുമ്പ്, അവരുടെ പേരിൽ ഒരു സമ്പാദ്യവും ഉണ്ടായിരുന്നില്ല. മഹ്നൂറിന്റെ സഹോദരി ഹംന നസീറിനും 2016-17 കാലയളവിൽ കോടിക്കണക്കിന് രൂപയുടെ ആസ്തിയുണ്ടായി.
ബജ്വയുടെയും കുടുംബത്തിന്റെയും സ്വത്തുക്കളെക്കുറിച്ച് അന്വേഷിക്കാൻ ധനമന്ത്രി ഇഷഖ് ദര് ഉത്തരവിട്ടു. ബജ്വ അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നും ധനമന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണിതെന്നും ധനമന്ത്രി പ്രസ്താവനയിൽ പറഞ്ഞു. അന്വേഷണ റിപ്പോർട്ട് 24 മണിക്കൂറിനകം സമർപ്പിക്കണമെന്നും അദ്ദേഹം ഉത്തരവിട്ടു. വിഷയത്തിൽ പാക് സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല.