അഭിനേതാവ് എന്നതിലുപരി ഒരു സാമൂഹിക പ്രവർത്തകൻ കൂടിയാണ് സോനു സൂദ്. അനേകമാളുകൾക്ക് അദ്ദേഹത്തിന്റെ സഹായം ലഭിച്ചിട്ടുണ്ട്.ആ പട്ടികയിലേക്ക് ഇതാ ഒന്നു കൂടി.ബീഹാറിലെ ‘ഗ്രാജ്വേറ്റ് ചായ് വാലി’ എന്നറിയപ്പെടുന്ന പെൺകുട്ടിയെ സഹായിക്കാനാണ് സോനു സൂദ് മുന്നോട്ട് വന്നിരിക്കുന്നത്. അനധികൃതമായി ചായക്കച്ചവടം നടത്തിയെന്നാരോപിച്ച് പട്ന മുനിസിപ്പൽ കോർപ്പറേഷൻ അടച്ചുപൂട്ടിയ ചായക്കട താരത്തിന്റെ ഇടപെടലോടെ വീണ്ടും തുറക്കാനൊരുങ്ങുകയാണ്.
പ്രിയങ്ക ഗുപ്ത എന്ന ബിരുദധാരിയാണ് ഗ്രാജ്വേറ്റ് ചായ് വാലി എന്നറിയപ്പെടുന്നത്. സാമ്പത്തിക ശാസ്ത്ര ബിരുദധാരിയായ അവർ ഈ വർഷം ആദ്യമാണ് പട്ന വിമൻസ് കോളേജിൻ സമീപം ഒരു ചായക്കട ആരംഭിക്കുന്നത്. എന്നാൽ അടുത്തിടെ പ്രിയങ്കയുടെ ഒരു വീഡിയോ പുറത്തുവന്നിരുന്നു.താൻ സ്ത്രീവിരുദ്ധതയുടെ ഇരയാണെന്നാണ് വീഡിയോയിലൂടെ അവർ അറിയിച്ചത്.നിയമവിരുദ്ധമായി നിരവധി കച്ചവടങ്ങൾ പട്നയിൽ നടക്കുമ്പോൾ തന്നെ മാത്രം ലക്ഷ്യമാക്കിയിരിക്കുകയാണെന്നും പ്രിയങ്ക വ്യക്തമാക്കി.
വീഡിയോ വൈറലായതോടെയാണ് സോനു സൂദ് വിഷയത്തിൽ ഇടപെടുന്നത്.അദ്ദേഹം വീഡിയോ റീ ട്വീറ്റ് ചെയ്തു. പ്രിയങ്കയുടെ ചായക്കടക്ക് വേണ്ട എല്ലാ സഹായവും ചെയ്തിട്ടുണ്ടെന്നും, ഇറങ്ങിപോകണമെന്ന് പറഞ്ഞു കൊണ്ട് ഇനിയാരും വരില്ലെന്നും അറിയിച്ച അദ്ദേഹം, ബീഹാറിൽ വരുമ്പോൾ ഗ്രാജ്വേറ്റ് ചായ് വാലി ഉണ്ടാക്കുന്ന ചായയുടെ രുചി അറിയാൻ എത്തുമെന്നും പറഞ്ഞു.