ജാവാ: ഇന്തോനേഷ്യയിലെ ജാവയിലുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 162 ആയി. റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 700ലധികം പേർക്ക് പരിക്കേറ്റു. ഇനിയും ഭൂചലനത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് ആളുകൾ തലസ്ഥാനത്ത് അഭയം തേടുകയാണ്.
ഭൂകമ്പത്തിൽ 12ലധികം ബഹുനില കെട്ടിടങ്ങൾ തകർന്നതായാണ് റിപ്പോർട്ട്. പല വീടുകളും മണ്ണിനടിയിലായി. ഭൂരിഭാഗം മരണങ്ങളും കെട്ടിടങ്ങളുടെ അടിയിൽപ്പെട്ടാണ് സംഭവിച്ചതെന്നാണ് കരുതുന്നത്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെത്തിക്കാൻ രക്ഷാപ്രവർത്തനം തുടരുകയാണ്.
പടിഞ്ഞാറൻ ജാവയിലെ സിയാൻജൂർ മേഖലയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഇവിടെ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ജക്കാർത്തയിലും പ്രകമ്പനം അനുഭവപ്പെട്ടു. ഭൂപ്രകൃതിയുടെ പ്രത്യേകത കാരണം ഇന്തോനേഷ്യയിൽ ഭൂകമ്പങ്ങളും സുനാമികളും അസാധാരണമല്ല. 2021 ഫെബ്രുവരിയിൽ സുലവേസി ദ്വീപിലുണ്ടായ ഭൂകമ്പത്തിൽ നൂറിലധികം പേർ കൊല്ലപ്പെടുകയും നിരവധി പേർ ഭവനരഹിതരാകുകയും ചെയ്തിരുന്നു. 2018ൽ സുലവേസിയിലുണ്ടായ സുനാമിയിൽ രണ്ടായിരത്തോളം പേർക്കാണ് ജീവൻ നഷ്ടമായത്.