സ്നേഹം,നന്മ,കരുതൽ എന്നിവയെല്ലാം പുസ്തകത്തിൽ നിന്ന് പഠിക്കുന്നതിനുപരിയായി ജീവിതത്തിൽ പകർന്നു നൽകുകയാണ് ഒരു കൂട്ടം വിദ്യാർത്ഥികൾ. പേരോട് എം.ഐ.എ ഹയർ സെക്കൻഡറി സ്കൂളിലെ എട്ട് എ ഡിവിഷനിലെ കുട്ടികളാണ് ക്ലാസ് മുറിയിൽ അതിഥികളായെത്തിയ ബുൾ ബുൾ പക്ഷിക്കും കുഞ്ഞുങ്ങൾക്കും സംരക്ഷണമൊരുക്കി ജീവിതത്തിലെ നല്ല പാഠങ്ങൾ പഠിക്കുന്നത്.
നാലാഴ്ച മുമ്പാണ് ബുൾബുൾ പക്ഷി ക്ലാസിലെ റീഡിംഗ് കോർണറിനടുത്ത് കൂടുകൂട്ടുന്നത്. ശേഷം രണ്ടു മുട്ടകളും ഇട്ടു. രണ്ടാഴ്ച്ചത്തോളം അടയിരുന്ന പക്ഷിക്ക് ക്ലാസ്സ് ടീച്ചർ പി.കെ.ഇസ്സുദ്ദീന്റെ നേതൃത്വത്തിൽ ക്ലാസ്സ് കൂടുതൽ ജാഗരൂകമാവുകയായിരുന്നു. ഒഴിവു സമയങ്ങളിൽ ശബ്ദം താഴ്ത്തി സംസാരിക്കാൻ തുടങ്ങിയ കുട്ടികൾ പക്ഷിക്ക് ബുദ്ധിമുട്ടാവാതിരിക്കാൻ ഫാൻ പോലും ഒഴിവാക്കി.
ബാഗ് സൂക്ഷിക്കുന്നതിനുള്ള റാക്കറ്റ് ഉപയോഗിച്ച് പക്ഷി അടയിരിക്കുന്ന ഭാഗത്തേക്കുള്ള യാത്രയും നിരോധിച്ചിരുന്നു. ഒരാഴ്ച മുമ്പാണ് രണ്ട് മുട്ടകളും വിരിഞ്ഞത്. ക്ലാസ് ലീഡർ അയാൻ അഷ്റഫും ബിലാലും ചേർന്ന് പക്ഷികുഞ്ഞുങ്ങളുടെ സുരക്ഷ ഏറ്റെടുത്തു. റഹംദിൽ, ദൻഹാൻ, ഗായത്രി എന്നിവർ വെള്ളവും ഭക്ഷണവും നൽകുന്നതിനായി മുന്നോട്ടുവന്നു. കുഞ്ഞുങ്ങൾക്ക് തുമ്പി,പൂമ്പാറ്റ,വെട്ടുകിളി എന്നിവയുമായി പറന്നു നടക്കുന്ന അമ്മപക്ഷിയുടെ കാഴ്ച ക്ലാസ്സ് മുറിയെ കൂടുതൽ മനോഹരമാക്കുകയാണ്.