പ്രമുഖ ശീതളപാനീയ നിർമാതാക്കളായ രസ്ന ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായ അരീസ് പിറോജ്ഷാ ഖംബട്ട അന്തരിച്ചു. 85 വയസായിരുന്നു. അരീസ് ഖംബട്ട ബെനവലന്റ് ട്രസ്റ്റിന്റെയും രസ്ന ഫൗണ്ടേഷന്റെയും ചെയര്മാന് കൂടിയായിരുന്നു അരീസ് പിറോജ്ഷാ ഖംബട്ട. ഇന്ത്യന്‍ വ്യവസായ രംഗത്ത് മികച്ച സംഭാവനകള്‍ നല്കിയ വ്യക്തിയാണ് അദ്ദേഹം. കൂടാതെ സാമൂഹിക സേവന രംഗത്തും നിറഞ്ഞുനിന്നിരുന്നു.
ഒരുകാലത്ത് രാജ്യത്തെ ശീതള പാനീയ രംഗത്തെ ജനപ്രിയ ബ്രാന്‍ഡായിരുന്നു രസ്ന. വീടുകളില്‍ എല്ലാവര്ക്കും സുപരിചിതമായ പേരായിരുന്നു ഇത്. നിലവില്‍ 18 ലക്ഷം ചില്ലറ വില്‍പ്പന ശാലകളിലൂടെയാണ് രസ്ന വില്‍ക്കുന്നത്. 53ല്‍ അധികം രാജ്യങ്ങളിലേക്ക് വളര്‍ന്ന രസ്ന ഇന്ന് ലോകത്തെ ഏറ്റവും വലിയ സോഫ്റ്റ് ഡ്രിങ്ക് കോണ്സണ്ട്രേറ്റര് നിര്‍മാതാക്കളാണ്.
1970ലാണ് അരീസ് പിറോജ്ഷാ ഖംബട്ട രസ്നയ്ക്ക് തുടക്കമിട്ടത്. ചെലവുകുറഞ്ഞ ശീതള പാനീയം ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു രസ്ന അവതരിപ്പിച്ചത്. 5 രൂപയുടെ പായ്ക്കറ്റ് വാങ്ങിയാല്‍ 32 ഗ്ലാസ് ശീതളപാനീയമാക്കി മാറ്റാം എന്നതായിരുന്നു അവകാശവാദം. 80കളിലും 90കളിലും ‘ഐ ലവ് യു രസ്ന’ എന്ന പേരിലുള്ള പരസ്യം വലിയ തോതിൽ ജനശ്രദ്ധ നേടിയിരുന്നു.