Spread the love

കൊച്ചി: കേന്ദ്ര-സംസ്ഥാന സുരക്ഷാ ഏജൻസികളുടെ ഉന്നതരുടെ സംയുക്ത അടിയന്തര യോഗം കൊച്ചിയിൽ ചേരും. ചൊവ്വാഴ്ച കേന്ദ്ര ഇന്‍റലിജൻസ് ബ്യൂറോ ആസ്ഥാനത്താണ് യോഗം. റോ ഉൾപ്പെടെയുള്ള ഏജൻസികളുടെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കുമെന്നാണ് വിവരം. കോയമ്പത്തൂരിലെയും മംഗളൂരുവിലെയും സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷ വിലയിരുത്തുന്നതിനും മുൻകരുതൽ നടപടികൾ ചർച്ച ചെയ്യുന്നതിനുമാണ് യോഗം ചേരുന്നത്.

കോയമ്പത്തൂരിന് പിന്നാലെ മംഗളൂരുവിലും ഉണ്ടായ സ്ഫോടനം ഏജൻസികൾക്കിടയിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. മംഗളൂരുവിൽ ഓട്ടോറിക്ഷയിൽ സ്ഫോടനം നടത്തിയ വ്യക്തിയെക്കുറിച്ച് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ 3 മാസത്തിനിടെ നിരവധി തവണ ഇയാൾ കേരളം സന്ദർശിച്ചതായി കണ്ടെത്തി. ഇയാളുടെ തീവ്രവാദ ബന്ധവും ഏജൻസികൾ ഗൗരവമായി അന്വേഷിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ സ്വീകരിക്കേണ്ട മുൻകരുതലുകളും യോഗം ചർച്ച ചെയ്യും.

മംഗളൂരുവിലെ കങ്കനാടിയിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ ശനിയാഴ്ചയാണ് സ്ഫോടനമുണ്ടായത്. ശിവമോഗ സ്വദേശി ഷാരിഖാണ് സ്ഫോടനത്തിന് പിന്നിലെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നിരോധിച്ചതിന് ശേഷമുള്ള സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തുക എന്നതും യോഗത്തിന്‍റെ ലക്ഷ്യമാണ്. തീവ്രവാദ ബന്ധമുള്ളവർക്ക് പിന്നാലെ മാസങ്ങളായി ഏജൻസികൾ അന്വേഷണം നടത്തുന്നുണ്ട്.

By newsten