Spread the love

കാസർകോട്: കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരനെതിരെ മാനനഷ്ടക്കേസുമായി പാർട്ടി വിട്ട മുൻ കെ.പി.സി.സി വൈസ് പ്രസിഡന്റ് സി.കെ ശ്രീധരൻ. സുധാകരനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ക്രിമിനൽ, സിവിൽ നടപടികൾ സ്വീകരിക്കുമെന്നും ശ്രീധരൻ പറഞ്ഞു. ടി.പി ചന്ദ്രശേഖരൻ കേസിൽ സി.പി.എം നേതാവ് പി മോഹനനെ ഒഴിവാക്കിയത് സി.കെ ശ്രീധരന് സി.പി.എമ്മുമായുള്ള ബന്ധം മൂലമാണെന്ന് സുധാകരൻ ആരോപിച്ചിരുന്നു. കാസർകോട് ചിറ്റാരിക്കാലിൽ ഇന്നലെ നടത്തിയ പ്രസംഗത്തിലാണ് സുധാകരൻ ആരോപണം ഉന്നയിച്ചത്.

സുധാകരൻ അസംബന്ധം പറയുകയാണെന്ന് സി.കെ ശ്രീധരൻ പറഞ്ഞു. സുധാകരന്‍റെ പ്രസ്താവന അപകീർത്തികരവും സത്യവിരുദ്ധവും അബദ്ധവുമാണെന്നും പ്രസ്താവനയിൽ കോടതിയലക്ഷ്യമുണ്ടോയെന്ന് പരിശോധിക്കുമെന്നും സി.കെ ശ്രീധരൻ പറഞ്ഞു.

വലിയ മഴ പെയ്യുമ്പോൾ ചെറിയ തുള്ളി പോകുന്നത് പോലെയാണ് സി.കെ ശ്രീധരന്‍റെ പാർട്ടി മാറ്റമെന്ന് ഇന്നലെ കാസർകോട് ഒരു പാർട്ടി പരിപാടിയിൽ സംസാരിക്കവെ സുധാകരൻ പറഞ്ഞിരുന്നു. ടി.പി ചന്ദ്രശേഖരൻ വധക്കേസ് മുതൽ സി.കെ ശ്രീധരനും സി.പി.എമ്മും തമ്മിൽ ബന്ധമുണ്ട്. ദീർഘകാലമായി കോൺഗ്രസിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം പാർട്ടി വിട്ടപ്പോൾ അദ്ദേഹത്തോടൊപ്പം പോകാൻ ആരുമുണ്ടായിരുന്നില്ല. അധികാര സ്ഥാനങ്ങളിലായിരുന്നിട്ടും എന്തുകൊണ്ടാണ് ഒരു പത്തുപേർ അദ്ദേഹത്തോടൊപ്പം പോകാതിരുന്നത്? സി.പി.എം നേതാക്കളും സി.കെ ശ്രീധരനും ഇതേക്കുറിച്ച് ചിന്തിക്കണം. സി.കെ ശ്രീധരൻ ഇപ്പോഴല്ല സി.പി.എമ്മുമായുള്ള ബന്ധം തുടങ്ങിയത്. ടി.പി ചന്ദ്രശേഖരൻ വധക്കേസ് മുതൽ ഇവർ തമ്മിൽ ബന്ധമുണ്ട്. മോഹനൻ മാസ്റ്റർ കേസിൽ നിന്ന് ഒഴിവാക്കപ്പെട്ടത്
വെറുതെയല്ല. അതിന് അതിന്‍റേതായ കാരണങ്ങളുണ്ട്. ആ കാരണങ്ങളിൽ ഒന്നിന്റെ പരിണിത ഫലമാണ് ഈ ചുവടുമാറ്റമെന്നും സുധാകരൻ പറഞ്ഞിരുന്നു.

By newsten