പറവൂർ: വേദിയിൽ ആ കുരുന്നുകൾ ആടിതുടങ്ങിയതു മുതൽ പ്രിയ ടീച്ചർ വേണ്ട പിന്തുണകളുമായി സദസ്സിന് പിന്നിലുണ്ടായിരുന്നു.തന്റെ കുട്ടികളുടെ കാലിടറാതെ കാത്ത പറവൂർ വടക്കേക്കര ബഡ്സ് സ്കൂൾ അധ്യാപികയായ ഹീതു ലക്ഷ്മിയാണ് മനസ്സ് നിറഞ്ഞ അഭിനന്ദനങ്ങൾക്കർഹയായത്.
ബഡ്സ് സ്കൂൾ കലോത്സവത്തിൽ തന്റെ ശിഷ്യർ വേദിയിലെത്തിയപ്പോൾ അതിന് ഇത്തരമൊരു മറുവശമുണ്ടാകുമെന്ന് ആ അധ്യാപിക കരുതിയിരുന്നതേയില്ല. സദസ്സിന് മുന്നിൽ അവരുടെ ചുവടുകൾ പിഴക്കരുതെന്ന ചിന്ത മാത്രമായിരുന്നു അധ്യാപികയുടെ മനസ്സിൽ. നൃത്തമാരംഭിച്ചതു മുതൽ ഭാവവും,താളവുമൊന്നും നഷ്ടമാകാതെ കുട്ടികൾ കാണുന്ന തരാത്തിൽ സദസ്സിന് പിന്നിൽ ടീച്ചറും നൃത്തം ചെയ്തു.
ഹീതു ടീച്ചറുടെ സ്നേഹം തിരിച്ചറിഞ്ഞ കലോത്സവ സംഘാടകർ, നൃത്തം പകർത്തുന്ന കാര്യവും ആ സമയത്ത് അവർ അറിഞ്ഞതുമില്ല.കലോത്സവത്തിന്റെ സമാപന ചടങ്ങിൽ മന്ത്രി പി.രാജീവ് ടീച്ചറുടെ സ്നേഹത്തെക്കുറിച്ച് എടുത്തു പറയുകയും പുരസ്കാരം നൽകി ആദരിക്കുകയും ചെയ്തു.