രാജ്കോട്ട്: ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധിക്കൊപ്പം നർമ്മദ ഡാം പദ്ധതിക്കെതിരായ പ്രതിഷേധം നയിക്കുന്ന സാമൂഹിക പ്രവർത്തക മേധാ പട്കർ പങ്കെടുത്തതിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി. 3 പതിറ്റാണ്ടായി നർമ്മദ ഡാം പദ്ധതിയെ തടസ്സപ്പെടുത്തുന്ന ഒരു സ്ത്രീയോടൊപ്പം ഒരു കോൺഗ്രസ് നേതാവ് പദയാത്ര നടത്തുന്നത് കണ്ടു എന്ന് രാജ്കോട്ട് ജില്ലയിൽ നടന്ന റാലിയിൽ മോദി പറഞ്ഞു.
നർമ്മദ നദിക്ക് കുറുകെ സർദാർ സരോവർ അണക്കെട്ട് നിർമ്മിക്കാനുള്ള പദ്ധതി മേധാ പട്കർ ഉൾപ്പെടെയുള്ള ആക്ടിവിസ്റ്റുകൾ സൃഷ്ടിച്ച നിയമതടസ്സങ്ങൾ കാരണം മൂന്നുപതിറ്റാണ്ടായി മുടങ്ങിക്കിടക്കുകയാണ് എന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മേധാ പട്കർ ഗുജറാത്തിനെ അപകീർത്തിപ്പെടുത്തി. വോട്ട് ചോദിക്കാനെത്തുമ്പോൾ പദ്ധതിയെ എതിർക്കുന്നവരുടെ ചുമലിൽ കൈവച്ചാണ് പദയാത്ര നടത്തിയതെന്ന് കോൺഗ്രസിനോട് പറയണമെന്നും മോദി ആവശ്യപ്പെട്ടു.
2017 ലാണ് അണക്കെട്ട് ഉദ്ഘാടനം ചെയ്തത്. മേധാ പട്കറിനെ ചേർത്തുപിടിച്ചതിലൂടെ കോൺഗ്രസും രാഹുൽ ഗാന്ധിയും ഗുജറാത്തിനോടുള്ള ശത്രുതയാണ് പ്രകടിപ്പിച്ചതെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പറഞ്ഞു. പതിറ്റാണ്ടുകളായി ഗുജറാത്തികൾക്ക് വെള്ളം നിഷേധിക്കുന്നവർക്കൊപ്പമാണ് രാഹുൽ, സംസ്ഥാനം ഇത് വച്ചുപൊറുപ്പിക്കില്ലെന്നും പട്ടേൽ ട്വീറ്റ് ചെയ്തു.