Spread the love

സാൻഫ്രാൻസിസ്കോ: മുൻ യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് പുനഃസ്ഥാപിക്കും. പുതിയ തലവൻ ഇലോൺ മസ്‌ക് ആണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ട്വിറ്റർ യൂസർമാർക്കിടയിൽ നടത്തിയ പോളിങ്ങിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് മസ്‌ക് പറയുന്നത്.

2021 ജനുവരി ആറിന് ട്രംപ് അനുകൂലികൾ നടത്തിയ യു.എസ് കാപിറ്റോൾ ആക്രമണത്തിന് പിന്നാലെയാണ് ട്വിറ്റർ ഡൊണാൾഡ് ട്രംപിന്റെ അക്കൗണ്ട് പൂട്ടിയത്. 2020ലെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കാപിറ്റോളിലടക്കം യു.എസ് നഗരങ്ങളിൽ ട്രംപ് അനുകൂലികൾ കലാപം അഴിച്ച് വിട്ടത്. ഇതിനു പ്രേരണ നൽകുന്ന തരത്തിൽ ട്വിറ്ററിലടക്കം ആഹ്വാനം നടത്തിയെന്ന് ആരോപിച്ചായിരുന്നു ട്രംപിനെതിരായ നടപടി.

ട്വിറ്ററിൽ തിരിച്ചെത്താൻ ട്രംപ് പലതവണ നീക്കം നടത്തിയിരുന്നെങ്കിലും അനുകൂലമായ നടപടിയുണ്ടായിരുന്നില്ല. പിന്നീട് ‘ട്രൂത്ത് സോഷ്യൽ’ എന്ന പേരിൽ ട്രംപ് സ്വന്തമായി ഒരു സമൂഹമാധ്യമത്തിന് തുടക്കമിടുകയും ചെയ്തു. ഇതുവഴി അനുയായികളുമായി സംവദിച്ചിരുന്നെങ്കിലും പ്രതീക്ഷിച്ച പ്രതികരണമുണ്ടാക്കാനായിരുന്നില്ല.

മസ്‌ക് ട്വിറ്റർ സ്വന്തമാക്കിയതിന് പിന്നാലെ ട്രംപിനെ തിരിച്ചെത്തിക്കാൻ നീക്കമുണ്ടാകുമെന്ന തരത്തിൽ വാർത്തകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം മസ്‌ക് സ്വന്തം അക്കൗണ്ടിൽ തന്നെ ട്രംപിനെ തിരിച്ചെടുക്കണോ എന്ന് ചോദിച്ച് വോട്ടെടുപ്പ് നടത്തിയത്. ഇതിൽ 51.8 ശതമാനം പേർ അനുകൂലമായി അഭിപ്രായം രേഖപ്പെടുത്തിയപ്പോൾ 48.2 ശതമാനം എതിർക്കുകയും ചെയ്തു. തുടർന്നാണ് ട്രംപിനെ തിരിച്ചെടുക്കുമെന്ന് മസ്‌ക് പ്രഖ്യാപിച്ചത്.

By newsten