ഓൺലൈൻ ഫുഡ് ഡെലിവറി സേവനങ്ങൾ ഇന്ന് വളരെയധികം സജീവമാണെന്ന് നമുക്കെല്ലാവർക്കും അറിയാം. നഗരപ്രദേശങ്ങളിൽ, തിരക്കേറിയ ജീവിതം നയിക്കുന്നവർക്ക് ഓൺലൈൻ ഭക്ഷണ സേവനങ്ങൾ വലിയ അനുഗ്രഹമാണ്. തിരക്ക് കൂടിയതോ, കുറഞ്ഞതോ എന്ന വ്യത്യാസമില്ലാതെ ഓൺലൈൻ ഭക്ഷണ വിതരണ സേവനം ഇന്ന് ലഭ്യവുമാണ്.
ഒന്നോ രണ്ടോ മണിക്കൂറിനകം ഭക്ഷണമെത്തുന്ന വിധത്തിലായിരിക്കും നാം ഈ സേവനത്തെ ആശ്രയിക്കുന്നതും ഓർഡർ ചെയ്യുന്നതും. ഡെലിവറി സേവനങ്ങളുടെ കാര്യവും ഇതുതന്നെ. ഓരോ ഡെലിവറി എക്സിക്യുട്ടീവുകൾക്കും നഗരത്തിനകത്തും മറ്റുമായി കൃത്യമായ പരിതിയും നിശ്ചയിച്ചിട്ടുണ്ടാകും. ഇതിനപ്പുറത്തേക്ക് ഓർഡർ സ്വീകരിക്കേണ്ട ആവശ്യവും അവർക്കില്ല.
എന്നാൽ ഇതിൽ നിന്നെല്ലാം വിപരീതമായി നാല് വൻകരകളിലൂടെയും ഫുഡ് ഡെലിവറിക്കായി പായുന്ന യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. മാനസ ഗോപാൽ എന്ന യുവതിയാണ് സിംഗപൂരിൽ നിന്നും അന്റാർട്ടിക്കയിലേക്ക് ഫുഡ് ഡെലിവറിക്കായി യാത്ര തിരിച്ചത്.
കരയിലൂടെയും,ആകാശത്തിലൂടെയും മുപ്പതിനായിരത്തിലധികം കിലോമീറ്റർ താണ്ടി കൃത്യസ്ഥലത്ത് അവർ ഭക്ഷണമെത്തിച്ചു. സിംഗപൂരിൽ നിന്നും വിമാനം കയറി ജർമ്മനിയിലെത്തിയ മാനസ അർജന്റീനയും കടന്നാണ് ലക്ഷ്യസ്ഥാനമായ അന്റാർട്ടിക്കയിലെത്തിയത്.