ലഖ്നൗ: ഉത്തർ പ്രദേശിലെ വാരണാസിയിൽ കാശി തമിഴ് സംഗമം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. തമിഴ്നാടും വാരണാസിയും തമ്മിലുള്ള പഴയ ബന്ധം പുനഃസ്ഥാപിക്കുന്നതിനും ആഘോഷിക്കുന്നതിനുമായി നടത്തുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന പരിപാടിയാണിത്. തമിഴ്നാട്ടിൽ നിന്ന് 2,500 ലധികം പ്രതിനിധികൾ വാരണാസിയിൽ എത്തുന്നുണ്ട്. ഇവർ സെമിനാറുകളിൽ പങ്കെടുക്കുകയും സമാനമായ വൈദഗ്ധ്യവും താൽപ്പര്യങ്ങളുമുള്ള സ്വദേശികളുമായി ആശയവിനിമയം നടത്തുകയും ചെയ്യും.
പണ്ഡിതർ, വ്യാപാരികൾ, കരകൗശല വിദഗ്ദ്ധർ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഈ പൗരാണിക സ്ഥലങ്ങളിൽ നിന്നുള്ള അവരുടെ അറിവും സംസ്കാരവും പങ്കിടാനും അവരുടെ അനുഭവങ്ങളിൽ നിന്ന് പരസ്പരം പഠിക്കാനും ഒരു വലിയ അവസരം നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
വാരാണസിയിൽ കൈത്തറി, കരകൗശല വസ്തുക്കൾ, പുസ്തകങ്ങൾ, ഡോക്യുമെന്ററികൾ, കലാരൂപങ്ങൾ, പാചകരീതികൾ, ചരിത്രം, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവയുടെ ഒരു മാസം നീളുന്ന പ്രദര്‍ശനങ്ങള്‍ ഉണ്ടാകും. മദ്രാസ് ഐഐടിയും ബനാറസ് ഹിന്ദു സർവകലാശാലയുമാണ് പരിപാടിയുടെ സംഘാടകർ.