തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് രണ്ട് വർഷത്തെ സർവീസുണ്ടെങ്കിൽ ആജീവനാന്ത പെൻഷൻ നൽകുന്നതിനുള്ള തീരുമാനത്തിൽ ഇടപെടുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നടക്കുന്നത് തട്ടിപ്പാണെന്നും, യുവാക്കൾ ജോലി തേടി വിദേശത്തേക്ക് പോകേണ്ടിവരുമ്പോൾ പൊതുപണം ഇത്തരത്തിൽ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നും ഗവർണർ പറഞ്ഞു.
“പാർട്ടി പ്രവർത്തകർക്ക് ജീവിതകാലം മുഴുവൻ പെൻഷൻ ലഭിക്കുന്നു. ആജീവനാന്ത പെൻഷൻ ലഭിക്കാൻ സാധാരണക്കാർക്ക് എത്രകാലം ജോലി ചെയ്യേണ്ടി വരും? ഓരോ മന്ത്രിമാരും പേഴ്സണൽ സ്റ്റാഫിലേക്ക് 25 ഓളം പേരെ നിയമിക്കുന്നു. രണ്ട് വർഷത്തിന് ശേഷം ഇവരോട് രാജിവെക്കാൻ ആവശ്യപ്പെടും. ഇവർക്ക് ആജീവനാന്ത പെൻഷൻ ലഭിക്കും. അത് നിർത്താൻ എനിക്ക് നിർദ്ദേശിക്കാൻ കഴിയില്ല. വരും ദിവസങ്ങളിൽ ഇത് ദേശീയതലത്തിൽ ചർച്ചയായ വിഷയമായി മാറും” – ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ ചർച്ച ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാകേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ച നടപടിയിൽ പ്രിയക്ക് നിർദ്ദിഷ്ട അധ്യാപന പരിചയം ഇല്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്റെ പെൻഷൻ വിഷയവും പരിഗണിക്കുമെന്ന ഗവർണറുടെ പുതിയ പ്രഖ്യാപനം.