ന്യൂഡല്‍ഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി. ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ ലഭിക്കുന്ന ജനപിന്തുണ പാർട്ടി പരിശോധിക്കണമെന്നും കേന്ദ്രകമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു.
കേരളത്തിലെ സി.പി.എം നേതാക്കൾ യാത്രയെ രൂക്ഷമായി വിമർശിച്ച സാഹചര്യത്തിലാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് യാത്രയ്ക്ക് ലഭിക്കുന്നതെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി റിപ്പോർട്ടിൽ വിശദീകരിക്കുന്നത്.
‘മതേതര പ്രതിപക്ഷ പാർട്ടികൾ: സമീപകാല സംഭവവികാസങ്ങൾ’ എന്ന തലക്കെട്ടിലുള്ള രാഷ്ട്രീയ രേഖയിൽ പരാമർശിച്ചിരിക്കുന്ന ഉള്ളടക്കത്തിലാണ് ഭാരത് ജോഡോ യാത്രയെ പ്രകീർത്തിക്കുന്നത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കന്യാകുമാരി മുതൽ ശ്രീനഗർ വരെ 150 ദിവസം നീണ്ടുനിൽക്കുന്ന യാത്രയ്ക്ക് തുടക്കമിട്ടു. ഇത് വലിയ തോതിലുള്ള പ്രതികരണത്തിന് കാരണമായി – പ്രത്യേകിച്ച് തെക്കൻ സംസ്ഥാനങ്ങളിൽ. ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളിൽ പ്രവേശിക്കുമ്പോൾ ജനങ്ങൾ എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടറിയണം. കോൺഗ്രസിലെ ആഭ്യന്തര അസ്വസ്ഥതകളും നിരവധി നേതാക്കൾ ബിജെപിയിലേക്ക് ചേക്കേറിയതുമായ പശ്ചാത്തലത്തിൽ, പാർട്ടിയെ ഒന്നിപ്പിക്കാനും ജനങ്ങളുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുമുള്ള ശ്രമമായാണ് യാത്രയെ കാണുന്നത് എന്നാണ് സി സി രേഖയിലെ പരാമർശം.