ന്യൂഡൽഹി: യുവാവ് തന്‍റെ പങ്കാളിയെ കൊലപ്പെടുത്തി 35 കഷണങ്ങളായി മുറിച്ച് ഫ്രിഡ്ജിൽ സൂക്ഷിച്ച് പല തവണയായി വലിച്ചെറിഞ്ഞ കേസിൽ പൊലീസിന് മുന്നിൽ വെല്ലുവിളികൾ നിരവധി. പ്രതി അഫ്താബുമായുള്ള പൊലീസ് തെളിവെടുപ്പ് പുരോഗമിക്കുകയാണ്. ശ്രദ്ധയുടെ ശരീരഭാഗങ്ങൾ അഫ്താബ് വലിച്ചെറിഞ്ഞതായി പറയപ്പെടുന്ന കാട്ടിൽ നിന്ന് 13 അസ്ഥികൾ പൊലീസ് കണ്ടെടുത്തു. ശ്രദ്ധയുടെ തലയോട്ടി ഇതുവരെ കണ്ടെത്താനായിട്ടില്ല.
കണ്ടെടുത്ത അസ്ഥികൾ ശ്രദ്ധയുടേതു തന്നെയാണോ എന്നറിയാൻ പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇരുവരും താമസിച്ചിരുന്ന ഫ്ലാറ്റിൽ കണ്ടെത്തിയ രക്തക്കറയും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രക്തക്കറയും ശരീരഭാഗങ്ങളും ശ്രദ്ധയുടേതു തന്നെ ആണോ എന്നറിയാൻ ശ്രദ്ധയുടെ പിതാവിന്‍റെ ഡിഎൻഎ സാമ്പിളുകളും പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം, കൂടുതൽ ശരീരഭാഗങ്ങൾ, സിസിടിവി ദൃശ്യങ്ങൾ എന്നിവ ഇനിയും കണ്ടെത്താനുണ്ട്.
സമീപ പ്രദേശങ്ങളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ലഭിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രദേശത്തെ മിക്ക സിസിടിവി ദൃശ്യങ്ങളും 15 ദിവസത്തേക്ക് മാത്രമേ സൂക്ഷിക്കൂ. ആറ് മാസം മുമ്പുള്ള സി.സി.ടി.വി ദൃശ്യങ്ങളാണ് ഇവിടെ പൊലീസിന് വേണ്ടത്. ശ്രദ്ധയുടേതെന്നു കരുതുന്ന ഒരു ബാഗ് കണ്ടെത്തിയിട്ടുണ്ട്. ശ്രദ്ധയുടെ മൊബൈൽ ഫോൺ, കൊലപാതകം നടന്ന ദിവസം ശ്രദ്ധയും അഫ്താബും ധരിച്ചിരുന്ന വസ്ത്രങ്ങൾ എന്നിവയും കണ്ടെത്തണം. മാലിന്യം കൊണ്ടുപോകുന്ന വാഹനത്തിലാണ് വസ്ത്രങ്ങൾ വലിച്ചെറിഞ്ഞതെന്ന് അഫ്താബ് പറഞ്ഞു.