തിരുവനന്തപുരം: കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി നവംബർ 29ന് ഉദ്ഘാടനം ചെയ്യും. കേന്ദ്ര സഹമന്ത്രിമാരായ വി.കെ.സിംഗ്, വി.മുരളീധരൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ചടങ്ങിന്റെ അധ്യക്ഷനായി മുഖ്യമന്ത്രിയെ നിശ്ചയിച്ചു.
2018 ഡിസംബറിലാണ് പാതയുടെ നിർമ്മാണം ആരംഭിച്ചത്. രണ്ട് വർഷത്തിനുള്ളിൽ ഇത് പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. നവംബർ 15ന് പാത ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന് ദേശീയപാത അധികൃതര്‍ പറഞ്ഞതനുസരിച്ച് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചെങ്കിലും തുറന്നില്ല. നിതിൻ ഗഡ്കരിയുടെ തീയതി ലഭിക്കാന്‍ ദേശീയപാത അതോറിറ്റി കാത്തിരുന്നതാണ് തുറക്കാൻ വൈകിയതെന്നാണ് വിവരം. നേരത്തെ പാത തുറക്കാൻ സജ്ജമായിരുന്നെന്നാണ് കരാറുകാർ അറിയിച്ചത്. പാത തുറന്നാൽ മാത്രമേ സർവീസ് റോഡ് പൂർത്തിയാക്കാൻ കഴിയൂ.
45,515 കോടി രൂപയുടെ 15 പദ്ധതികളുടെ ഉദ്ഘാടനവും കല്ലിടലും നവംബർ 29ന് നടക്കും. കുതിരാൻ തുരങ്കം ഉൾപ്പെടുന്ന വടക്കാഞ്ചേരി-മണ്ണുത്തി ആറുവരിപ്പാത, കഴക്കൂട്ടം എലിവേറ്റഡ് പാത എന്നിവയാണ് ഉദ്ഘാടനം നിർവഹിക്കുന്ന പദ്ധതികൾ. ദേശീയപാത അതോറിറ്റിയുടെ 13 പദ്ധതികൾക്കും അദ്ദേഹം തറക്കല്ലിടും.