വാഴ്സോ: പോളണ്ട് അതിർത്തിയിലെ മിസൈൽ ആക്രമണവുമായി ബന്ധപ്പെട്ട തർക്കത്തിൽ റഷ്യയെ പിന്തുണച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. മിസൈൽ വിക്ഷേപിച്ചത് റഷ്യയാകാനിടയില്ല എന്ന് ബൈഡൻ പറഞ്ഞു. മിസൈൽ റഷ്യൻ നിർമിതമാണെന്ന് പോളണ്ട് വ്യക്തമാക്കിയതിന് പിന്നാലെയാണ് ബൈഡന്റെ പരാമർശം.
റഷ്യയുടെ മിസൈൽ ആയിരിക്കാമെങ്കിലും റഷ്യയല്ല മിസൈൽ വിക്ഷേപിച്ചതെന്ന് യുഎസ് പ്രസിഡന്റ് നാറ്റോയെ അറിയിച്ചു. മിസൈലിന്റെ സഞ്ചാരപഥത്തെ അടിസ്ഥാനമാക്കി യുഎസ് പ്രസിഡന്റ് നിർണായക നിഗമനത്തിൽ എത്തിയെന്ന് വ്യക്തമാണ്.
ഉക്രൈന്റെ വ്യോമപ്രതിരോധ സംവിധാനമാകാം സ്ഫോടനത്തിന് പിന്നിലെന്ന സൂചനയും അമേരിക്ക നാറ്റോയുമായി പങ്കുവെച്ചതായാണ് റിപ്പോർട്ട്. പോളണ്ട് ഒരു നാറ്റോ അംഗമാണ്. അതിനാൽ, ഏതെങ്കിലും അംഗരാജ്യത്തിന് നേരെ സായുധ ആക്രമണം ഉണ്ടായാൽ അതിനെ പ്രതിരോധിക്കണമെന്നാണ് നാറ്റോയിലെ ധാരണ. എന്നിരുന്നാലും ഇത് റഷ്യൻ ആക്രമണമല്ലെന്ന യുഎസ് പ്രസിഡന്റിന്റെ നിലപാട് വന്നതിനാൽ, നാറ്റോയുടെ തീരുമാനം അതിനനുസൃതമായിരിക്കും. സംഭവത്തിൽ പോളിഷ് സർക്കാർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോളണ്ടിന്റെ അന്വേഷണത്തിന് ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.
അതേസമയം, പോളണ്ടിലെ മിസൈൽ ആക്രമണത്തിന് പിന്നിൽ ഉക്രൈൻ ആണെന്ന് റഷ്യ ആരോപിച്ചു. മിസൈൽ ആക്രമണത്തിന് പിന്നിൽ ഉക്രൈനിലെ വ്യോമപ്രതിരോധ സംവിധാനമാണെന്നും റഷ്യ ആരോപിച്ചു. സ്ഥിതിഗതികൾ കൂടുതൽ വഷളാക്കാൻ ഉക്രൈൻ നടത്തിയ ബോധപൂർവമായ പ്രകോപനമാണിതെന്ന് റഷ്യ പറഞ്ഞു. കിഴക്കൻ പോളണ്ടിലെ ഉക്രൈൻ അതിർത്തിയിൽ നിന്ന് 15 കിലോമീറ്റർ ചുറ്റളവിലാണ് മിസൈൽ പതിച്ചത്. ആക്രമണത്തിൽ രണ്ട് പോളണ്ടുകാർ കൊല്ലപ്പെട്ടിരുന്നു.