മൈസൂരു: ചാമരാജനഗറിലെ ബന്ദിപ്പൂർ കർണാടകയിലെ ഏറ്റവും മികച്ച കടുവ സങ്കേതമായി തിരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ വൈൽഡ്ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ദേശീയ കടുവ സംരക്ഷണ അതോറിറ്റിയും സംയുക്തമായി നടത്തിയ വിലയിരുത്തലിലാണ് ബന്ദിപ്പൂർ ഒന്നാം സ്ഥാനം നേടിയത്.
കടുവ സങ്കേതത്തിന്റെ നടത്തിപ്പും സംരക്ഷണവും, വിനോദസഞ്ചാരം, കടുവകളുടെ എണ്ണം, ചികിത്സാ സൗകര്യങ്ങൾ എന്നിവ ഉൾപ്പെടെ 64 കാര്യങ്ങൾ നാല് വർഷത്തിലൊരിക്കൽ നടക്കുന്ന വിലയിരുത്തലിൽ പരിശോധിക്കും. ബന്ദിപ്പൂർ 95.5 ശതമാനം മാർക്കോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ശാസ്ത്രജ്ഞർ, മുൻ ഐ.എഫ്.എസ് ഉദ്യോഗസ്ഥർ, വന്യജീവി വിദഗ്ധർ എന്നിവർ ഉൾപ്പെട്ട സമിതിയാണ് ഈ വിലയിരുത്തൽ നടത്തിയത്.
ബന്ദിപ്പൂരിന് ലഭിച്ച മാർക്ക് അനുസരിച്ച് രാജ്യത്തെ ആദ്യത്തെയോ രണ്ടാമത്തെയോ മികച്ച കടുവ സങ്കേതമായി ബന്ദിപ്പൂർ മാറുമെന്ന് പ്രതീക്ഷിക്കുന്നതായി ബന്ദിപ്പൂർ ടൈഗർ റിസർവ് ഡയറക്ടർ പി രമേഷ് കുമാർ പറഞ്ഞു. ബന്ദിപ്പൂരിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ കൊണ്ടാണ് മികച്ച മാർക്ക് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.