ന്യൂഡല്‍ഹി: തെരുവുനായകള്‍ക്ക് ഭക്ഷണം നല്കുന്നവര് അവയെ ദത്തെടുക്കണമെന്ന പരാമര്‍ശം സുപ്രീം കോടതി സ്റ്റേ ചെയ്തു. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിലെ പരാമർശമാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്.
ഹൈക്കോടതി നിർദ്ദേശം നടപ്പാക്കുന്നത് പ്രായോഗികമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. തെരുവുനായ്ക്കളെ ഭക്ഷണം നല്കുന്നവരോട് എങ്ങനെയാണ് ദത്തെടുക്കാൻ നിർബന്ധിക്കുന്നതെന്നും സുപ്രീം കോടതി ചോദിച്ചു. അതേസമയം തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നവർ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കരുതെന്ന് സുപ്രീം കോടതി നിർദേശിച്ചു.
തെരുവുനായ്ക്കൾക്ക് നിശ്ചിത സ്ഥലങ്ങളിൽ മാത്രമേ ഭക്ഷണം നൽകാവൂ. ഇത് ഉറപ്പാക്കാൻ നാഗ്പൂർ മുനിസിപ്പൽ കോർപ്പറേഷനോട് സുപ്രീം കോടതി നിർദ്ദേശിച്ചു. നിയുക്ത സ്ഥലങ്ങൾ കണ്ടെത്തുന്നതുവരെ ഭക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ട് മറ്റുള്ളവർക്ക് എന്തെങ്കിലും ഉപദ്രവമുണ്ടായാൽ നിയമനടപടി സ്വീകരിക്കാൻ കോർപ്പറേഷന് അധികാരമുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു.